ഖിവ’യിൽ പുതിയ സേവനങ്ങൾ; ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ലെവി അടക്കാം
text_fieldsറിയാദ്: സൗദി മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘ഖിവ’യിൽ ക്രെഡിറ്റ് കാർഡുകളിലൂടെയും മാഡ ഡെബിറ്റ് കാർഡുകളിലൂടെയും വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് (ലെവി) അടക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. തൊഴിലുടമകളുടെ ഖിവ ഡിജിറ്റൽ വാലറ്റിൽനിന്ന് തുക അടക്കാനുള്ള സൗകര്യമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. നേരത്തെ വർക്ക് പെർമിറ്റ് ഫീസ് ‘സദാദ് പേമെൻറ്’ സംവിധാനത്തിലൂടെ മാത്രമേ അടക്കാൻ കഴിയുമായിരുന്നുള്ളൂ.
പല സ്ഥാപനങ്ങളുടെയും സാമ്പത്തികവർഷം ഹിജ്റ കലണ്ടർ പ്രകാരമായതിനാൽ പുതിയ വർഷത്തിന്റെ തുടക്കത്തിൽ ക്രമീകരണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സേവനം. പുതിയ വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ഫീസിന്റെ വിവരം അതത് ആഴ്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലിലെ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുമായി ബന്ധപ്പെട്ടാണെന്നും ഖിവ പ്ലാറ്റ്ഫോം റിപ്പോർട്ട് ചെയ്തു.
ഈ വർഷം രണ്ടാം പാദത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ച സാഹചര്യത്തിൽ തങ്ങളുടെ തൊഴിലാളികളിൽ 50 ശതമാനം പേരുടെ സേവനവേതന കരാർ ഖിവയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നൽകുന്ന ഓൺലൈൻ സേവനങ്ങൾ പ്ലാറ്റ്ഫോം നിർത്തലാക്കിത്തുടങ്ങി. ഇത്തരം സ്ഥാപനങ്ങൾക്കുള്ള സേവനങ്ങളിൽ പ്രധാനപ്പെട്ട തൽക്ഷണ വിസ, സേവനങ്ങളുടെ കൈമാറ്റം, പ്രഫഷൻ മാറ്റൽ തുടങ്ങിയവ ഇതോടെ സാധിക്കാതെയാകും. മൂന്ന് ഘട്ടങ്ങളിലായി ഖിവ പ്ലാറ്റ്ഫോം വഴി ജീവനക്കാരുടെ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തിയിരിക്കണമെന്ന മന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരമാണിത്.
നടപ്പുവർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ സ്ഥാപനങ്ങൾ അവരുടെ 80 ശതമാനം ജീവനക്കാരുടെയും തൊഴിൽക്കരാർ ഖിവയിൽ രേഖപ്പെടുത്തേണ്ടതുണ്ട്. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ലോഗിൻചെയ്ത് ഇത് ചെയ്യാവുന്നതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ മന്ത്രാലയം ഇതിനകം ഖിവ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയ ‘അജീർ’ പ്രോഗ്രാം താൽക്കാലിക ജോലികൾ സംഘടിപ്പിക്കുന്നതിനും അതിലേക്ക് തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിനും സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.