'ഗൂഗ്‌ളീസ്' എന്ന പേരിൽ ജിദ്ദയിൽ പുതിയ സ്പോർട്സ് ക്ലബ്
text_fieldsജിദ്ദ: കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജിദ്ദയിൽ അധിവസിക്കുന്ന ക്രിക്കറ്റ്, മറ്റ് സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവയിൽ തല്‍പരരായ ഒരു കൂട്ടം യുവാക്കള്‍ ചേർന്ന് 'ഗൂഗ്‌ളീസ്' എന്ന പേരിൽ പുതിയൊരു സ്പോർട്സ് ക്ലബ് രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി യുവാക്കളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബിന്‍റെ ലക്ഷ്യം.
2023 ജൂണില്‍ ഭാരവാഹികളെ തെരഞ്ഞെടുത്ത് 'ഗൂഗ്‌ളീസ് ജിദ്ദ' എന്ന പേരില്‍ ഒരു ക്ലബായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ജിദ്ദയിലെ വിവിധ ക്രിക്കറ്റ് ക്ലബുകളെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു കൂട്ടായ്മയായി മുന്നോട്ട് പോവാനുള്ള ശ്രമം നടത്തുമെന്നും അടുത്ത മാസം ജിദ്ദയിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു നാനോ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നുണ്ടെന്നും ഗൂഗ്‌ളീസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. 17 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്ക് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അത്‌ലറ്റിക്ക് മീറ്റ്, ചെസ് ടൂര്‍ണ്ണമെന്റ്, ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ്, ക്രിക്കറ്റ്, നീന്തൽ പരിശീലങ്ങൾ തുടങ്ങിയ വിവിധ പദ്ധതികൾ ക്ലബ്ബിന് കീഴിൽ ആലോചിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ക്ലബ്ബിന്‍റെ ജേഴ്‌സി, ലോഗോ എന്നിവയുടെ പ്രകാശനം ജിദ്ദ സീസൺസ് റെസ്റ്ററന്‍റ് ഓഡിറ്റോറിയത്തില്‍ നടന്നു. സൗദി അറേബ്യൻ ക്രിക്കറ്റ് ടീം കോച്ച് ഷുഹൈബ് ഖാൻ ലോഗോയും ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ക്രിക്കറ്റ് ടീം കോച്ച് ആദില്‍ ഖാന്‍ ജേഴ്‌സി പ്രകാശനവും നിർവഹിച്ചു. നാഷണല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോച്ച് ഇംറാന്‍, വിവിധ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
ചെയർമാൻ റഷീദ് അലി, പ്രസിഡന്‍റ് സുബൈർ പെർളശേരി, കൺവീനർ ഷംസു മിസ്ഫല, സെക്രട്ടറി ഷാജി അബൂബക്കർ, ട്രഷറർ മുഹമ്മദ് ഷമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.