ഉംറ തീർഥാടകർക്ക് മുടി മുറിക്കാൻ പുതിയ സംവിധാനം; മസ്ജിദുൽ ഹറാമിൽ മൊബൈൽ ബാർബർ ഷോപ്പുകൾ ഒരുങ്ങി
text_fieldsമക്ക: ഉംറ തീർഥാടകർക്ക് കർമങ്ങളുടെ ഭാഗമായ മുടിമുറിക്കാനുള്ള പുതിയ സംവിധാനം മക്ക മസ്ജിദുൽ ഹറാമിൽ ആരംഭിച്ചു. മൊബൈൽ ബാർബർ ഷോപ്പുകൾ ആരംഭിച്ചു. സഫ മർവ കുന്നുകൾക്കിടയിലെ ‘സഅയ്’ അവസാനിക്കുന്ന ഭാഗത്ത് (മർവയോട് ചേർന്ന്) അഞ്ച് മൊബൈൽ ബാർബർ ഷോപ്പുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഹറമിൽ തിരക്ക് അനുഭവപ്പെടുന്നതിനനുസരിച്ച് ഈ ചലിക്കുന്ന ബാർബർ ഷോപ്പുകളുടെ സ്ഥാനം മാറ്റാനും സാധിക്കും.
ഇരുഹറം കാര്യാലയത്തിന് കീഴിലാണ് പുതിയ സംവിധാനം ആരംഭിച്ചത്. ഇതിൽനിന്നുള്ള സേവനം നിലവിൽ സൗജന്യമായാണ് ലഭിക്കുന്നതെന്ന് ഉംറ തീർത്ഥാടകർ സാക്ഷ്യപ്പെടുത്തി. എന്നാൽ ഭാവിയിലും സേവനം സൗജന്യമായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദഗ്ദ്ധരും പരിചയസമ്പന്നരുമായ തൊഴിലാളികൾക്ക് കീഴിൽ ഉയർന്ന നിലവാരവും സുരക്ഷയും പാലിച്ചുകൊണ്ട് കാര്യക്ഷമമായും വേഗത്തിലും ഇവിടെനിന്നും സേവനം ലഭ്യമാകും.
പൂർണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സേവനം നൽകുക. ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ പരമാവധി ലളിതമായി, ആയാസരഹിതമായി തീർഥാടകർക്ക് ലഭ്യമാക്കാനുമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ഇരുഹറം കാര്യാലയം വ്യക്തമാക്കി. തീർഥാടകർ മുടി എടുക്കുന്നതോടെയാണ് ഇഹ്‌റാമിൽനിന്ന് മുക്തരാവുക. നിലവിൽ ഉംറ തീർഥാടകർക്ക് മുടി എടുക്കുന്നതിനായി മസ്ജിദുൽ ഹറാമിൽനിന്നും വളരെ അകലെയുള്ള ബാർബർ ഷോപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. എന്നാൽ മസ്ജിദിനടുത്ത് തന്നെ പുതിയ സേവനം ആരംഭിച്ചത് ഏറെ ആശ്വാസമായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.