പുതുവത്സരം, പുതിയ പ്രതീക്ഷകൾ
text_fieldsവീണ്ടും ഒരു പുതുവർഷം കൂടി സമാഗതമായി. മായാകാഴ്ചകളുടെ മാസ്മരിക ലോകത്ത് മാനവരാശിക്ക് ഇന്ന് ഒരു പുതുവർഷം കൂടി പിറക്കുകയാണ്. ഡിസംബർ മാസത്തിന്റെ മഞ്ഞുമൂടിയ രാവുകളെ പുൽകിക്കൊണ്ട് ഒരുപാടു പ്രതീക്ഷകളോടെ വീണ്ടുമൊരു പുതുവർഷം. കാലത്തിന്റെ അരങ്ങിൽ ഒരു വർഷത്തിനും കൂടി യവനിക വീണു. കഴിഞ്ഞുപോയ ഒരു വർഷത്തിലെ നഷ്ടങ്ങളെയും ദുഃഖങ്ങളെയും നമുക്ക് വിസ്മരിക്കാം. നല്ലതിനെ മാത്രം ഓർത്തുവെക്കാം.
ഓരോരുത്തരും ഓരോ തീരം തേടിയുള്ള യാത്രയിൽ ഓർക്കാതെ കൈവരുന്ന കുറെ സൗഭാഗ്യങ്ങൾ, വിരൽത്തുമ്പിൽവെച്ച് വീണുടഞ്ഞ പോകുന്ന കുറെയേറെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ അങ്ങനെ സമ്മിശ്ര പ്രതികരണങ്ങളുടെ ആകെത്തുകയാണ് ഓരോ പുതുവർഷവും. ഓരോ ജീവിതവും ഓരോ യാത്രയാണ്. യാത്ര നമ്മൾ തുടങ്ങുന്നതും ഒറ്റക്ക്, അവസാനിക്കുന്നതും ഒറ്റക്ക്. ഇതിനിടയിൽ ചിലർ വഴിയിൽനിന്ന് നമ്മോട് സംസാരിക്കുന്നു. മറ്റു ചിലർ കൂടെ കൂടുന്നു.
പുതുമ നഷ്ടമാകുമ്പോൾ അവരും പാതിവഴിയിൽ ഒറ്റക്കാക്കി പോകുന്നു. വേദനകളും സന്തോഷങ്ങളും ഉള്ളിൽ ഒതുക്കി നമ്മൾ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. നമ്മൾ ഈ യാത്രയിൽ ചെയ്യാനുള്ള കടമകൾ ചെയ്തു തീർത്ത് ഒന്നും ആഗ്രഹിക്കാതെ പ്രതീക്ഷിക്കാതെ നമ്മുടെ യാത്ര തുടർന്നു കൊണ്ടേയിരിക്കുക.
നമുക്ക് പരസ്പരം സ്നേഹിക്കാം, മാനവികതയെ പുൽകാം, അയൽക്കാരനെ സ്നേഹിക്കാം, രാജ്യത്തെ സ്നേഹിക്കാം, ലോകത്തെ സ്നേഹിക്കാം, പ്രപഞ്ചത്തെ സ്നേഹിക്കാം, പരസ്പര സ്നേഹത്തിന്റെ വെളിച്ചമാവട്ടെ ഈ പുതുവർഷം. ഒരുപാട് തോൽവിയുണ്ടായി, കനത്ത നഷ്ടങ്ങളുണ്ടായി, ചിലരെ നമ്മൾ വേദനിപ്പിച്ചെങ്കിൽ, വേറെ ചിലർ നമ്മളെ കുത്തിനോവിച്ചു.
എന്നോടൊപ്പം നിന്നവർക്ക്, കുറ്റം പറഞ്ഞവർക്ക്, പരിഹസിച്ചവർക്ക്, വിട്ടുപോയവർക്ക്, സഹായിച്ചവർക്ക്, സ്നേഹിച്ചവർക്ക് എല്ലാവരോടും നന്ദി മാത്രം! സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ, നോവുകളില്ലാത്ത, വേർതിരിവുകളില്ലാത്ത, പരസ്പരം സ്നേഹം മാത്രം നൽകുന്ന, ഒരു പുതുവർഷത്തിനായി ഞാനും, നിങ്ങളോടൊപ്പം കൈകോർക്കുന്നു. എല്ലാവർക്കും പുതുവത്സരാശംസകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.