സൗദിയിലെ പള്ളികളിൽ തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ അര മണിക്കൂറിൽ കൂടരുത്
text_fieldsജിദ്ദ: സൗദിയിലെ എല്ലാ പള്ളികളിലും തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരങ്ങൾ പരമാവധി 30 മിനിറ്റായിരിക്കണമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും പള്ളി ഇമാമുകൾക്കും മതകാര്യ മന്ത്രാലയ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ശൈഖ് ഞായറാഴ്ച അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പടരാതിരിക്കാനാവശ്യമായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പഠനം നടത്തുന്ന ബന്ധപ്പെട്ട സമിതിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. തറാവീഹ്, ഖിയാമുലൈൽ നമസ്കാരങ്ങൾ ഇശാക്കൊപ്പം നമസ്കരിക്കാനും നിർദേശമുണ്ട്.
ആളുകൾ പള്ളികളിൽ കൂടുതൽ സമയം നമസ്കാരവേളയിൽ കഴിയുന്നത് കോവിഡ് വ്യാപനം കൂടാൻ സാധ്യതയുണ്ട്. പള്ളികളിലെ സമയം കുറക്കാനുള്ള തീരുമാനം കോവിഡ് ബാധ കുറക്കാൻ സഹായിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
മുഴുവൻ പള്ളികളിലും പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചിരിക്കണം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുമ്പോൾ പ്രത്യേക പ്രാർത്ഥന പായകൾ (മുസല്ല) കൂടെ കരുതുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ പള്ളിയിലെ ഉദ്യോഗസ്ഥരോടും പ്രാർത്ഥനക്കെത്തുന്നവരോടും മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.