സകല കലയിലും തിളങ്ങി നിഖിൽ മുരളി
text_fieldsദമ്മാം: എൽ.കെ.ജി മുതൽ 10ാം ക്ലാസ് വരെ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു നിഖിലിന്റെ പഠനം. പതിഞ്ഞ സ്വഭാവവും നാണവും ഉൾവലിയലും കാരണം ക്ലാസിലും പുറത്തുമെല്ലാം നിശ്ശബ്ദനായ കുട്ടിയായിരുന്നു. ഇതിനൊരു പരിഹാരം തേടിയാണ് പ്ലസ്ടു പഠനത്തിന് കേരളത്തിലെ വിദ്യാലയത്തിൽ ചേർത്തത്.
അത് വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. നാണവും ഉൾവലിയലും സ്റ്റേജ് ഭയവും എല്ലാം വിട്ടകന്ന് വേദികളിൽ അവതാരകനായി തിളങ്ങാൻ തുടങ്ങി. കലാ സാംസ്കാരിക സംഘാടകനായി, മോട്ടിവേഷനൽ സ്പീക്കറായി, ഡാൻസറും ഗായകനും അഭിനേതാവുമെല്ലാമായി കൈവെക്കാത്ത മേഖലകളില്ലാതായി. ഇന്ന് വലിയ ശിഷ്യഗണങ്ങളുള്ള ഡാൻസ് പരിശീലകനുമാണ്.
അറബിയിലുൾപ്പെടെ വിവിധ ഭാഷയിൽ ഗാനങ്ങൾ ആലപിക്കുന്ന സൂപ്പർ ഹിറ്റ് ഗായകനായും ഡാൻസറായും ദമ്മാമിൽ അരാംകോ ഉദ്യോഗസ്ഥരായ ഇംഗ്ലീഷുകാരുടെയും പാകിസ്താൻ, ഫിലിപ്പീൻസ് പ്രവാസികളുടെയും സാംസ്കാരിക വേദികളിലും നിറഞ്ഞുനിൽക്കുന്ന നിഖിൽ മലയാളികൾക്ക് പ്രിയപ്പെട്ട മെലഡി, മാപ്പിളപ്പാട്ട് ഗായകനാണ്.
സൗദിയിൽ ഗൾഫ് യൂനിയൻ ഇൻഷുറൻസിൽ മാനേജരായ തൃശൂർ ചേലക്കര സ്വദേശി മുരളീധരന്റെയും രമയുടെയും മൂത്തമകനായ നിഖിലിന്റെ ഈ മാറ്റം പ്രവാസി കുട്ടികൾക്ക് ഒരു അനുഭവപാഠം കൂടിയാണ്.
തൃശൂരിലെ എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളജിലെ ബിരുദ പഠനകാലമാണ് നിഖിലിനെ അടിമുടി മാറ്റിമറിച്ചത്. സ്വയം ബൈക്കോടിച്ച് പോകാനുള്ള കൊതി കൊണ്ടാണ് വീട്ടിൽനിന്ന് ദൂരെയുള്ള കോളജ് തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ സ്വന്തം വ്യക്തിത്വത്തെ തന്നെ മാറ്റിപ്പണിയാൻ പ്രചോദിപ്പിച്ച കാമ്പസായി മാറി. ക്ലാസ് മുറിയിൽ സുഹൃത്തുക്കളുടെ ഇടയിൽ മാത്രം പാട്ട് മൂളിയിരുന്ന നിഖിൽ പതിയെ വേദികളിലെത്തിത്തുടങ്ങി.
കോളജ് ആകെ ഇളക്കി മറിക്കുന്ന ഗായകനായി മാറി. അടുത്തവർഷം കാമ്പസ് കാണുന്നത് നിഖിലിലെ ഡാൻസറിനെ കൂടിയാണ്. കോളജ് മാനേജ്മെന്റ് ഫെസ്റ്റ് റെവല്യൂഷന്റെ കൺവീനറായി സംഘാടകശേഷിയും പുറത്തെടുത്തു. അഞ്ചു വർഷത്തിനുശേഷം ജോലി കിട്ടി സൗദി അറേബ്യയിലേക്ക് തിരിച്ചെത്തുമ്പോൾ പഴയ നാണംകുണുങ്ങി പയ്യനായിരുന്നില്ല നിഖിൽ.
ഇതിനകം ദമ്മാമിൽ 400ലധികം വേദികളിൽ നിഖിൽ പാടിയും ആടിയും അവതാരകനായും നിറഞ്ഞു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നതും വിവിധ ഭാഷകളിൽ പാടാൻ കഴിയുന്നതും സൗദിയിലെ ഇംഗ്ലീഷ് പ്രവാസികളുടെ സാംസ്കാരിക വേദികളിൽ ധാരാളം അവസരങ്ങൾ ലഭിക്കുന്നതിന് സഹായിച്ചു.
ഹിന്ദി, ഉർദു ഭാഷകളിലെ മികവ് പാകിസ്താനികളുടേതുൾപ്പെടെ വേദികളിലും അവസരം നേടിക്കൊടുത്തു. പാകിസ്താൻ സ്വാതന്ത്ര്യദിനാേഘാഷത്തിന്റെ ഭാഗമായ ഇന്റർനാഷനൽ ടാലൻറ് ചടങ്ങിൽ നിഖിലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുകയും ആദരിക്കുകയും ചെയ്തു.
വീട്ടമ്മമാരുൾപ്പടെ ഒരു ഡാൻസർ ടീമിനെയും നിഖിൽ നയിക്കുന്നുണ്ട്. ഷോർട്ട് ഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും അഭിനയത്തിലും നിഖിൽ ഒരു കൈ നോക്കിയിട്ടുണ്ട്. ഇതിനകം അഞ്ച് സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തുകഴിഞ്ഞു. സിനിമയോടാണ് വലിയ മുഹബത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.