നിതാഖാത്ത്: അല്‍ബാഹയിലെ നാല് തൊഴിലുകളില്‍ സമ്പൂർണ സ്വദേശിവത്കരണം
text_fieldsറിയാദ്: അല്‍ബാഹ മേഖലയിലെ നാല് തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. കാര്‍ വില്‍പന കേന്ദ്രങ്ങള്‍ അഥവാ മഅ്റദുകള്‍, സ്പെയര്‍ പാര്‍ട്സ് വില്‍പന കടകള്‍, ഷോപ്പിങ് മാളുകള്‍, ഇലക്ട്രിക്കല്‍-, ഇലക്ട്രോണിക് ഷോപ്പുകള്‍ എന്നിവയിലെ സ്വദേശിവത്കരണം 2018 ഏപ്രില്‍ 17ന് അഥവാ ശഅ്ബാന്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയുടെ ഭാഗമായാണ് മേഖലകളില്‍ തെരഞ്ഞെടുത്ത തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. മേഖല ഗവര്‍ണര്‍ അമീര്‍ ഹുസാം ബിന്‍ സുഊദും തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസും അല്‍ബാഹയില്‍ സ്വദേശിവത്കരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
അല്‍ഖസീം മേഖലയില്‍ ആരംഭിച്ച മേഖല തിരിച്ചുള്ള സ്വദേശിവത്കരണം താരതമ്യേന ചെറിയ മേഖലയായ അല്‍ബാഹയിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാല് മാസം മുമ്പ് പ്രഖ്യാപനത്തിലൂടെ കട ഉടമകള്‍ക്കും തൊഴിലുടമകള്‍ക്കും സ്വദേശിവത്കരണം നടപ്പാക്കാനുള്ള സാവകാശമാണ് മന്ത്രാലയം അനുവദിച്ചത്.
ശഅ്ബാന്‍ ഒന്നിന് ശേഷം ഈ മേഖലയില്‍ സ്വദേശികള്‍ക്കല്ലാതെ ജോലി അനുവദിക്കില്ല. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. സ്വദേശികളെ ജോലിക്ക് നിര്‍ത്താന്‍ ആവശ്യമായ പരിശീലനത്തിന് മന്ത്രാലയം ആവശ്യമായ സാമ്പത്തിക സഹായവും നല്‍കും.
സ്വദേശി യുവതികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മേഖലയാണ് ഷോപ്പിങ് മാളുകള്‍ എന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.