ഇത്തവണ വിദേശ തീർത്ഥാടകർക്ക് ഹജ്ജിനവസരമില്ല; സൗദിക്കകത്തുള്ള 60,000 പേർക്ക് മാത്രം അവസരം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരമുണ്ടാവില്ല. സൗദിക്കകത്തുള്ള സ്വദേശികളും വിദേശികളുമായ തെരഞ്ഞെടുക്കപ്പെടുന്ന 60,000 പേർക്കായിരിക്കും ഇത്തവണ ഹജ്ജിനവസരം ഉണ്ടാവുക. സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയിലെ സ്വദേശികളോടൊപ്പം എല്ലാ രാജ്യക്കാരായ വിദേശികൾക്കും ഹജ്ജിന് അവസരം ഉണ്ടാവും. ലോകത്തുടനീളമുള്ള കോവിഡ് മഹാമാരിയുടെ വ്യാപനവും വികാസവും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സൗദിക്കകത്ത് നിന്നും ഹജ്ജിന് രജിസ്റ്റർ ചെയ്യാനുള്ള ഇലക്രോണിക് വെബ് പോർട്ടൽ ഇന്ന് (ഞായർ) ഉച്ചക്ക് ഒരു മണിക്ക് പ്രത്യേകം ലോഞ്ച് ചെയ്യുമെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫതാഹ് മഷാത് അറിയിച്ചു. ഈ മാസം 23 ബുധനാഴ്ച രാത്രി 10 മണിവരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. തുടർച്ചയായ 11 ദിവസങ്ങളിലും രജിസ്ട്രേഷന് അവസരമുണ്ടാവും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടായിരിക്കില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവ്വഹിക്കാത്തവർക്കായിരിക്കും രജിസ്‌ട്രേഷനിൽ മുൻഗണന ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി കഴിഞ്ഞു രണ്ട് ദിവസങ്ങൾക്കുള്ളിൽ വിവരം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടതായി വിവരം ലഭിച്ചവർ വീണ്ടും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും. ഇങ്ങിനെ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതലായിരിക്കും ആരംഭിക്കുകയെന്നും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജിന് അപേക്ഷിക്കുന്നവർക്കുള്ള നിബന്ധനനകളും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്. 18 നും 65 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തമായിരിക്കണം. കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം. രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് രോഗത്തിൽ നിന്നും മുക്തരായി ആറ് മാസം തികയാത്തവരോ ആണ് ഈ ഗണത്തിൽ വരുന്നത്.
തീർഥാടകരുടെ സുരക്ഷ, ആരോഗ്യം എന്നിവയ്ക്കാണ് മുന്തിയ പരിഗണന നല്കിയിരിക്കുന്നതെന്നും അതിനാവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് കർമം എന്നും മന്ത്രാലയം എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.