'ലേബർ' ഉൾപ്പെടെ എട്ട് തൊഴിലുകളുടെ മാറ്റത്തിന് തൊഴിലാളിയുടെ അനുമതിയും ഫീസും വേണ്ട
text_fieldsജിദ്ദ: ലേബർ (ആമിൽ) ഉൾപ്പെടെയുള്ള എട്ട് തസ്തികകളുടെ പേര് രേഖയിൽ മാറ്റാൻ ഇനി തൊഴിലാളികളുടെ അനുമതി വേണ്ട. ഇത് സംബന്ധിച്ചുണ്ടായിരുന്ന നിബന്ധന സൗദി മാനവശേഷി മന്ത്രാലയത്തിന്റെ 'ക്വിവ' പ്ലാറ്റ്ഫോം ഒഴിവാക്കി. ഡോക്ടർ, സ്പെഷലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകൾ മറ്റൊരു തസ്തികയിലേക്ക് മാറ്റാൻ ഇനി തൊഴിലുടമക്ക് കഴിയും.
തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളുടെ മാറ്റത്തിനുള്ള ഫീസും ഒഴിവാക്കി. 'ക്വിവ' പ്ലാറ്റ്ഫോമിൽ ഫീസ് നൽകാതെ തസ്തിക തിരുത്തുന്ന നടപടി ആരംഭിച്ചതായി പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ 'തൊഴിലാളി', 'സാദാ തൊഴിലാളി' എന്നീ തസ്തികകളിലുള്ള ജീവനക്കാരെ 67 തസ്തികകളിൽ ഒന്നിലേക്ക് മാറ്റാനാകും.
മേൽപ്പറഞ്ഞ എട്ട് തൊഴിലുകളിൽ ഇനി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. തൊഴിലാളികളുടെ റിക്രൂട്ട് ചെയ്യുമ്പോൾ ഏത് തസ്തികകളിലേക്കാണെന്ന് കൃത്യമായ വിവരണം നൽകണം. ക്വിവ ഫ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റം നടത്താൻ അനുവാദം കമ്പനികൾക്ക് മാത്രമാണ്. വ്യക്തിഗത സ്പോൺഷിപ്പിലുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റാനാകില്ല.
സാധാരണഗതിയിൽ തൊഴിൽ മാറുമ്പോൾ തൊഴിലാളിയുടെ അനുമതിയും 2,000 റിയാൽ ഫീസും ആവശ്യമാണ്. അതിൽ നിന്നാണ് എട്ട് തസ്തികകളെ ഒഴിവാക്കിയത്. എന്നാൽ ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസിളവ്. രണ്ടാം തവണ തൊഴിൽ മാറ്റുമ്പോൾ നിശ്ചിത ഫീസ് അടക്കണം. തൊഴിലാളി, സാദാ തൊഴിലാളി (ലേബർ) എന്നിങ്ങനെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നവർക്ക് 67 മറ്റ് തസ്തികകളിലേക്കാണ് മാറാൻ കഴിയുക.
ലേബർ തസ്തികയിലുള്ളവർക്ക് മാറാൻ കഴിയുന്ന തസ്തികകൾ:
ഗ്യാസ് സ്റ്റേഷൻ, ഫുഡ് ആൻഡ് ബിവറേജ് കൗണ്ടർ, വ്യക്തിഗത പരിചരണം, കോൺക്രീറ്റ്, വാഹന പെയിന്റിങ്, കരകൗശല പെയിന്റിങ്, മേൽക്കൂര വൃത്തിയാക്കൽ, ക്രെയിൻ ഓപറേഷൻ, തുകൽ കരകൗശല വസ്തു നിർമാണം, പോളിഷിങ്, പ്രിന്റിങ് ആൻഡ് ബൈൻഡിങ്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ലൈനുകൾ സ്ഥാപിക്കൽ, പഴങ്ങളും പച്ചക്കറികളും സംരക്ഷിക്കൽ, എംബ്രോയ്ഡറി, കീടനിയന്ത്രണം, മെറ്റൽ, ഫർണിച്ചർ അസംബ്ലിങ്, പ്ലാസ്റ്റിക്, ലോഹ ഉൽപന്നങ്ങളുടെ അസംബ്ലിങ്, പേപ്പർ ബോർഡ് അസംബ്ലിങ്, അലക്കൽ, ഇസ്തിരിയിടൽ, പരവതാനി കഴുകൽ, വാഹനം വൃത്തിയാക്കൽ, ശുദ്ധജല-മലിനജല ടാങ്ക് വൃത്തിയാക്കൽ, കന്നുകാലി ഫാം, കോഴി ഫാം, പക്ഷി ഫാം, മൊബൈൽ വെഹിക്കിൾ വാഷ്, സ്ട്രീറ്റ് ക്ലീനർ, ഗാർഡൻ ക്ലീനർ, മുട്ട ഹാച്ചറി, കാർഷിക, മൃഗ ഉൽപാദന ഫാം, ഹരിത ഇടങ്ങൾ, നഴ്സറി, വനങ്ങൾ, കാലികളെ മേയ്ക്കൽ, കാട്ടുതീ കെടുത്തൽ, മീൻ ഫാം, മീൻപിടിത്തം, ഖനി, ക്വാറി, നിർമാണം, റോഡ് അറ്റകുറ്റപ്പണി, ഖനനം, മഖ്ബറ, കെട്ടിടം, കോൺക്രീറ്റ് മിക്സിങ്, പൊളിക്കൽ, പാക്കേജിങ്, ലേബലിങ്, നിർമാണം, ഉൽപന്നം തരംതിരിക്കൽ, വർക് ഷോപ്പ്, ഉന്തുവണ്ടി വലിക്കൽ, ബൈക്ക് വലിക്കൽ, മൃഗവണ്ടി ഓടിക്കൽ, ലോഡിങ്, അൺലോഡിങ്, ഷെൽഫുകളുടെ പാക്കിങ്, അലമാറ, അടുക്കള പാത്രങ്ങൾ വൃത്തിയാക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.