സൗദിയിലെ സ്കൂളുകൾ പഴയ നിലയിലേക്ക്: സാമൂഹിക അകലമില്ലാതെ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താം
text_fieldsയാംബു: കോവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾക്കു വിധേയമായി നേരത്തേ തുറന്ന സൗദിയിലെ സ്കൂളുകൾ രണ്ടു വർഷത്തിനുശേഷം പഴയ അവസ്ഥയിലേക്കു നീങ്ങുന്നു.
അധ്യയനവർഷത്തെ മൂന്നാം സെമസ്റ്റർ ഞായറാഴ്ച ആരംഭിച്ചപ്പോൾ സാമൂഹിക അകലം ആവശ്യമില്ലാതെ ക്ലാസുകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികൾ വ്യാപൃതരായി. രാവിലെ നടക്കുന്ന അസംബ്ലിയും കായിക വ്യായാമ പരിശീലനവും മറ്റ് ആക്ടിവിറ്റികളും പഴയപോലെ പുനരാരംഭിച്ചത് കുട്ടികളിൽ സന്തോഷം പ്രകടമാക്കി.
സ്കൂളുകൾക്കു കീഴിലുള്ള കഫറ്റീരിയകളും കാന്റീനുകളും വ്യവസ്ഥകൾക്ക് വിധേയമായി തുറന്നുപ്രവർത്തിച്ചതും ഏറെ സൗകര്യപ്രദമായി. ആരോഗ്യ മന്ത്രാലയവും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) യും അംഗീകരിച്ച ആരോഗ്യ മുൻകരുതലുകൾ സ്ഥാപനങ്ങൾ പൂർത്തിയാക്കി വേണം പ്രവർത്തനസജ്ജമാകേണ്ടത് എന്ന നിർദേശമുണ്ട്.
സ്കൂൾ ജീവനക്കാരും 12 വയസ്സുമുതലുള്ള വിദ്യാർഥികളും വാക്സിൻ നടപടി പൂർത്തിയാക്കി മാത്രം സ്കൂളിൽ വരുക എന്ന വ്യവസ്ഥ പൂർണമായും പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളും പുതിയ അക്കാദമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള പഠനപ്രക്രിയയിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തി. പരിഷ്കരിച്ച പുതിയ കലണ്ടർ അനുസരിച്ച്, 39 ആഴ്ച നീണ്ട അധ്യയനവർഷമാണ് ഇപ്പോൾ രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ളത്. ഓരോ സെമസ്റ്ററിനും 13 ആഴ്ചകൾ വീതമുള്ള മൂന്ന് സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.
മികച്ച അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി വിദ്യാഭ്യാസ കാര്യക്ഷമതയുടെ നിലവാരം ഉയർത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മൂന്നു സെമസ്റ്ററുകളിലെ മൂല്യനിർണയം അവലോകനം ചെയ്തശേഷം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം നിർണയിക്കാനും പഠനനിലവാരം ഉയർത്തുന്നതിനും പുതിയ സംവിധാനം വഴിവെക്കുമെന്ന് മന്ത്രാലയം വിലയിരുത്തി. കോവിഡ് പ്രതിസന്ധിക്കാലത്ത് സ്കൂളുകളിൽ നിർത്തിവെച്ച സ്പോർട്സ്, കലാസാഹിത്യ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം വീണ്ടും തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ ഒരുക്കിയ സൗകര്യങ്ങളും ബസുകളും ഇടക്ക് അണുമുക്തമാക്കുന്ന നടപടികൾ തുടരാനും ആരോഗ്യസുരക്ഷാചട്ടങ്ങൾ എല്ലാവരും ജാഗ്രതയോടെ പാലിക്കാനും അധികൃതർ നിർദേശം നൽകിയിട്ടു
ണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.