ജോലിക്ക് ശ്രമിക്കുക പോലും ചെയ്യാത്തവർക്ക് ഇനി ധനസഹായ വിതരണമുണ്ടാവില്ല
text_fieldsറിയാദ്: സൗദിയിൽ ജോലിക്ക് ശ്രമിക്കുക പോലും ചെയ്യാത്തവർക്ക് ഇനി ധനസഹായ വിതരണമുണ്ടാവില്ല.
ജോലി ചെയ്യാൻ കഴിവുള്ള പൗരന്മാർ തൊഴിൽ അന്വേഷിക്കുന്നില്ലെങ്കിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ അംഗീകൃത തൊഴിൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും സാമൂഹിക സുരക്ഷ പദ്ധതി വഴിയുള്ള പ്രതിമാസ ധനസഹായ വിതരണം നിർത്തിവെക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അനുയോജ്യമായ തൊഴിൽ ഓഫറുകളും പരിശീലന പ്രോഗ്രാമുകളും സ്വീകരിക്കാത്തവർക്കും ധനസഹായ വിതരണം നിർത്തിവെക്കും. ധനസഹായ വിതരണം നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമായ രേഖകൾ സഹിതം ഗുണഭോക്താവിന് അപ്പീൽ നൽകാൻ സാധിക്കും. തൊഴിൽ, ശാക്തീകരണ അവസരങ്ങളുമായി ഗുണഭോക്താവ് 10 ദിവസത്തിനകം ബന്ധപ്പെടും.
അതല്ലെങ്കിൽ തൊഴിൽ അന്വേഷിക്കുന്നത് തെളിയിക്കാൻ ഗുണഭോക്താക്കൾ മന്ത്രാലയത്തിന് കീഴിലെ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം ആയ താഖാത്തിൽ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനകം ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത ഗുണഭോക്താവിനുള്ള ധനസഹായ വിതരണം നിർത്തിവെക്കും. സമീപകാലത്ത് ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത 18 മുതൽ 40 വരെ പ്രായമുള്ള 7,300 ലേറെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം മന്ത്രാലയം നിർത്തിവെച്ചിരുന്നു. ധനസഹായ വിതരണ വ്യവസ്ഥകൾ ലംഘിച്ചതിനും ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതിനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ മാനവശേഷി വികസന നിധി വഴി മുന്നോട്ടുവെച്ച തൊഴിലവസരങ്ങൾ നിരാകരിച്ചതിനുമാണ് ഇവർക്കുള്ള ധനസഹായ വിതരണം നിർത്തിവെച്ചത്.
വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി, യോഗ്യത, പരിശീലനം, വിവിധ ശാക്തീകരണ പാതകൾ എന്നിവയിലൂടെ ഗുണഭോക്താക്കൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവരെ ഉൽപാദനക്ഷമതയുള്ള ആളുകളായി മാറ്റാനുമാണ് വികസിത സാമൂഹിക സുരക്ഷ പദ്ധതിയിലൂടെ മന്ത്രാലയം ശ്രമം നടത്തുന്നത്. ജോലി ചെയ്യാൻ കഴിവുള്ള മുഴുവൻ ഗുണഭോക്താക്കളും പരിശീലന, തൊഴിൽ അവസരങ്ങളുമായി പ്രതികരിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.