ഞാൻ സൗദി അറേബ്യയെ സ്നേഹിക്കുന്നു, വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല -മെസ്സി
text_fieldsറിയാദ്: ഞാൻ സൗദി അറേബ്യയെ സ്നേഹിക്കുന്നുവെന്നും ഫുട്ബാളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ലോക ഫുട്ബാൾ താരം ലയണൽ മെസ്സി. ‘ബിഗ് ടൈം’ എന്ന സൗദി പോഡ്കാസ്റ്റ് ചാനലിൽ പ്രമുഖ ഇൗജിപ്ഷ്യൻ മാധ്യമപ്രവർത്തകൻ അംറ് അൽഅദീബിെൻറ അഭിമുഖ പരിപാടിയിലാണ് അർജൻറീനിയൻ താരം മനസ് തുറന്നത്. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്. സൗദി അറേബ്യയോടുള്ള തെൻറ സ്നേഹം സംഭാഷണത്തിനിടെ വെളിപ്പെടുത്തുകയായിരുന്നു.
ഞാൻ സൗദി അറേബ്യയിൽ വരുമ്പോഴെല്ലാം എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. നേരത്തെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. വീണ്ടും സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാജ്യത്ത്, നിങ്ങളുടെ സംസ്കാരത്തിൽ, നിങ്ങളുടെ അതുല്യമായ സ്ഥലത്ത് ഞാൻ കണ്ടെത്തിയതെന്തോ അതിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ എപ്പോഴും നന്ദി പറയുന്നു. അതിന് ഞാൻ നിങ്ങൾക്ക് വലിയൊരു ആശംസ അയക്കുന്നു. സൗദി അറേബ്യയിൽ ഇൻറർ മിയാമിക്കൊപ്പം വന്ന് വീണ്ടും കളിക്കാനായി കാത്തിരിക്കുന്നു. ഈ സ്നേഹമെല്ലാം ആസ്വദിക്കുന്നത് തുടരും. ഞങ്ങൾ കളിക്കുന്ന കളികൾ നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും ഇപ്പോഴും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാ ആളുകളോടും ഞാൻ എപ്പോഴും നന്ദിയുള്ളവനാണെന്നും മെസ്സി പറഞ്ഞു.
വിരമിക്കുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്ന് സംഭാഷണത്തിനിടെ മെസ്സി പറഞ്ഞു. എനിക്ക് ഇനി പ്രകടനം നടത്താൻ കഴിയില്ലെന്നും എെൻറ ടീമിന് ഞാൻ ഇനി പ്രയോജനം നൽകുന്നില്ലെന്നും തോന്നുന്ന നിമിഷം എനിക്ക് ബോധ്യപ്പെടുന്ന നിമിഷം അവസാനിപ്പിക്കും. എന്നെത്തന്നെ വിമർശിക്കാൻ മിടുക്കനായ വ്യക്തിയാണ് ഞാൻ. എപ്പോൾ ഞാൻ നല്ലവനാകുന്നു, എപ്പോൾ നന്നായി കളിക്കുന്നു, എപ്പോൾ ചീത്തയാകുന്നു എന്നതെല്ലാം എനിക്കറിയാൻ കഴിയും. നടപടി സ്വീകരിക്കേണ്ട സമയമായി എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ചിന്തിക്കാതെ അത് ചെയ്യും. എനിക്ക് സുഖം തോന്നുന്നിടത്തോളം ഞാൻ എപ്പോഴും മത്സരത്തിൽ തുടരാൻ ശ്രമിക്കും. കാരണം അതാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്നും മെസ്സി പറഞ്ഞു. ഞാൻ ഒരു റൊമാൻറിക് അല്ല, പക്ഷേ ചില കാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവാണ്. എെൻറ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നതിൽ ഞാൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. എെൻറ കുട്ടികളുമായി ഫുട്ബാളും വീഡിയോ ഗെയിമുകളും കളിക്കുന്നതിനെ ഞാനേറെ ഇഷ്ടപ്പെടുന്നു.
വ്യക്തിപരമായ പല കാര്യങ്ങളും ഈ സുദീർഘ അഭിമുഖത്തിൽ മെസ്സി വെളിപ്പെടുത്തുകയുണ്ടായി. എല്ലാത്തരം സംഗീതങ്ങളെയും ഇഷ്ടമാണ്. പക്ഷേ സംഗീതോപകരണങ്ങൾ വായിക്കാനോ പാടാനോ കഴിയില്ലെന്ന് അദ്ദേഹം ഒട്ടൊരു വിഷമത്തോടെ പറഞ്ഞു. അതുപോലെ കൃത്യമായി ഒരു സന്ദർഭം ചൂണ്ടിക്കാണിക്കാൻ ബുദ്ധിമുട്ടാണെങ്കിലും സങ്കടകരമായ ഒരു കാര്യമുണ്ടായാൽ താൻ കരയും. വളരെ വൈകാരികതയുള്ള ഹൃദയ ദൗർബല്യമുള്ള വ്യക്തിയാണെന്നും കരയിപ്പിക്കുന്ന സാഹചര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നു എന്ന ചോദ്യത്തിന് മെസ്സിയുടെ മറുപടി ഇങ്ങനെ: കുടുംബത്തിന് എപ്പോഴും സമയമുണ്ട്. ഞാൻ എപ്പോഴും എെൻറ കുട്ടികളോടും ഭാര്യയോടും ഒപ്പം ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ആസ്വാദ്യത കണ്ടെത്താൻ ശ്രമിക്കുന്നു. ഒരു പിതാവ് തെൻറ കുട്ടികളുമായി എങ്ങനെയായിരിക്കുമോ അങ്ങനെ തന്നെയാണ് ഞാനും. കുട്ടികളോടൊപ്പം ഫുട്ബാളും വീഡിയോ ഗെയിമുകളും കളിക്കുന്നു. അടുത്തിടെ ‘ഗെയിം ഓഫ് ത്രോൺസ്’ എന്ന വെബ് സീരീസ് കണ്ടെന്നും വളരെയധികം ഇഷ്ടമായതിനാൽ ഒന്നിലധികം തവണ കണ്ടുവെന്നും ഇഷ്ടപ്പെടുന്ന സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി മെസി പറഞ്ഞു. അർജൻറീനയിലെ കുട്ടിക്കാലത്തെക്കുറിച്ചും ബാഴ്‌സലോണയിലെ യുവത്വത്തെക്കുറിച്ചും ഹൃദയാവർജകമായി അദ്ദേഹം വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.