എണ്ണയിതര സമ്പദ്വ്യവസ്ഥ ആറു ശതമാനം വളർച്ചയിലേക്ക് -സൗദി ധനമന്ത്രി
text_fieldsജിദ്ദ: ഈ വർഷാവസാനത്തോടെ സൗദി അറേബ്യയുടെ എണ്ണയിതര സമ്പദ്വ്യവസ്ഥ ആറു ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖല ഇപ്പോഴും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. ‘വിഷൻ 2030’ൽ രാജ്യം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും എണ്ണ മേഖലക്ക് പുറത്ത് ഉൽപാദനം വൈവിധ്യവത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാജ്യത്തിന്റെ എണ്ണയിതര ഉൽപാദനം ഇപ്പോഴും മികച്ചതാണ്.
സൗദി സമ്പദ്വ്യവസ്ഥ ജനങ്ങളെയും മറ്റുള്ളവരെയും പിന്തുണക്കാൻ പര്യാപ്തമാണ്. വ്യാപാര നിയന്ത്രണങ്ങൾ കൂടുന്തോറും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ദാരിദ്ര്യം വർധിക്കുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദാരിദ്ര്യം തുടച്ചുനീക്കാനും ഈ രാജ്യങ്ങളെ അതിൽനിന്ന് രക്ഷിക്കാനും എല്ലാവരും സഹകരിക്കണം. കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം മറ്റു സൗഹൃദ രാജ്യങ്ങളുമായും ജി20, ലോക ബാങ്ക് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
രാജ്യങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയണമെങ്കിൽ ഈ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയും അതിന്റെ അനന്തരഫലങ്ങളും വിതരണശൃംഖലയിലെ തടസ്സങ്ങളും പണപ്പെരുപ്പവും മറ്റും കാരണമായി വളരെ ദുഷ്കരമായ ഒരു സാഹചര്യത്തിലാണ് ലോക സമ്പദ്വ്യവസ്ഥ നീങ്ങിയത്. ചില രാജ്യങ്ങൾക്ക് അതിനെ കൈകാര്യംചെയ്യാൻ കഴിഞ്ഞു. എന്നാൽ, ചില രാജ്യങ്ങൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും അവരുടെ കരുതൽ ധനം എടുത്ത് വിനിയോഗിക്കേണ്ടിവരുകയും ചെയ്തു.
ഇസ്രായേൽ-ഹമാസ് സംഘർഷവും അനുബന്ധ സംഭവ വികാസങ്ങളും സ്ഥിതിയെ വീണ്ടും ദുഷ്കരമാക്കിയിരിക്കുകയാണെന്നും ധനമന്ത്രി സൂചിപ്പിച്ചു. കഷ്ടപ്പെടുന്ന സിവിലിയന്മാർ എവിടെയായിരുന്നാലും സഹതാപമുണ്ട്. അന്താരാഷ്ട്ര നിയമം മാനിക്കപ്പെടണം. അതില്ലെങ്കിൽ ലോകമെമ്പാടും അരാജകത്വം വ്യാപിക്കും. പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ശാന്തതയും വിവേകവും വേണം. സമീപകാല സംഭവങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വികസനത്തിന്റെ പാത തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.