നൂർ റിയാദ്’ ആഘോഷം നവം. 30 മുതൽ; 100 കലാകാരന്മാർ പങ്കെടുക്കും
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരം പ്രകാശപൂരിതമാകുന്ന ‘നൂർ റിയാദ്’ ആഘോഷത്തിന്റെ മൂന്നാം പതിപ്പ് നവംബർ 30ന് ആരംഭിക്കും. ‘മരുഭൂമിയിലെ മണലിൽ ചന്ദ്രൻ’ എന്ന ശീർഷകത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ. 17 ദിവസം നീളുന്ന ആഘോഷത്തിൽ സ്വദേശികളായ 35ഉം മറ്റ് 35ലധികം രാജ്യങ്ങളിൽനിന്നുള്ളവരുമടക്കം 100 സമകാലിക കലാകാരന്മാർ പങ്കെടുക്കും.
നൂർ റിയാദ് ആഘോഷം സൗദിയിൽനിന്നുള്ള പ്രമുഖ കലാകാരന്മാരെ ഒരുമിച്ചുകൊണ്ടുവരുന്ന വാർഷിക സർഗാത്മക വേദിയാണെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാൻ പറഞ്ഞു. റിയാദ് നഗരത്തെ ആഗോള കലാരംഗത്തിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പ്രചോദനാത്മകമായ കലാസൃഷ്ടികൾ അവതരിപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാകാരന്മാരെ അണിനിരത്തുന്ന വേദിയാണിത്.
ഇത് തലസ്ഥാനത്തെ സന്ദർശകരുടെയും താമസക്കാരുടെയും ജീവിതനിലവാരത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നു. കൂടാതെ സർഗാത്മകതയെ പിന്തുണക്കുകയും ദേശീയ, അന്തർദേശീയ പ്രതിഭകളെ സ്വീകരിക്കുകയും ചെയ്യുന്നു. വിവിധ സാംസ്കാരിക-കലാപരിപാടികൾക്കും പദ്ധതികൾക്കും കിരീടാവകാശി നൽകുന്ന പിന്തുണയുടെ ഭാഗമാണ് റിയാദ് നൂർ ആഘോഷം.
ഇതിലൂടെ ലൈറ്റ് ആർട്ട് മേഖലയിൽ ലോകമെമ്പാടുമുള്ള പ്രമുഖരായ കലാകാരന്മാർക്ക് അവരുടെ സൃഷ്ടിപരമായ അവസരമൊരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ലൈറ്റ് ഓഫ് റിയാദ് ആഘോഷത്തിൽ തലസ്ഥാനത്തുടനീളമുള്ള അഞ്ച് കേന്ദ്രങ്ങളിലായി 120ലധികം സർഗാത്മക സൃഷ്ടികൾ പ്രദർശിപ്പിക്കും.
ഇൻസ്റ്റലേഷൻ വർക്കുകൾ, മോഡലുകൾ, ലൈറ്റ് എന്നിവ ഉൾപ്പെടുന്ന വിവിധ കലാസൃഷ്ടികളാൽ റിയാദിനെ പ്രകാശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സന്ദർശകർക്ക് വിവിധ അനുഭവങ്ങൾ നൽകുന്ന ഡ്രോണുകൾ ഉപയോഗിച്ചുള്ള ഒരു ക്രിയാത്മക പ്രദർശനവുമുണ്ടായിരിക്കും.
റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള താൽപര്യമുള്ളവരും സർഗാത്മകതയുള്ളവരുമായ എല്ലാവർക്കും ക്രിയാത്മകമായ ഒരു കലാപരമായ ഇടം നൽകുന്നതിന് ശിൽപശാലകൾ, സാങ്കേതിക സെമിനാറുകൾ, പാനൽ ചർച്ചകൾ, പങ്കാളിത്തങ്ങൾ, കമ്യൂണിറ്റി പ്രോഗ്രാമുകൾ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷത്തിൽ ദറഇയയിലെ ജാക്സ് പരിസരത്ത് ‘സർഗാത്മകത നമ്മെ പ്രകാശിപ്പിക്കുന്നു, ഭാവി നമ്മെ ഒന്നിപ്പിക്കുന്നു’ എന്ന ശീർഷകത്തിലുള്ള ഒരു പ്രദർശനവും ഉൾപ്പെടും.
ഈ വർഷം നവംബർ 30 മുതൽ 2024 മാർച്ച് രണ്ടുവരെയുള്ള മൂന്നുമാസം നീണ്ടുനിൽക്കുന്നതാണ് പ്രദർശനം. പങ്കെടുക്കുന്ന കലാകാരന്മാരുടെ ബൗദ്ധികവും കലാപരവുമായ വിഭവമെന്ന നിലയിൽ പ്രദർശനം സന്ദർശകർക്ക് പ്രകാശം പ്രകടിപ്പിക്കുന്ന പ്രചോദനാത്മകമായ ഒരു കലാപരമായ യാത്ര വാഗ്ദാനം ചെയ്യുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
റിയാദ് ആർട്ട് പ്രോഗ്രാമുകളിൽ ഒന്നാണ് ‘നൂർ റിയാദ്’. 2019 മാർച്ചിൽ കിരീടാവകാശിയും റിയാദ് നഗര റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ആധികാരികതയും സമകാലികതയും സമന്വയിപ്പിക്കുന്ന ഒരു ഓപൺ ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങളുണ്ടാക്കുക എന്ന ‘വിഷൻ 2030’ പരിപാടികളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതവുമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.