‘നൂർ റിയാദ്’ ആഘോഷം നവംബർ 28 മുതൽ; 60ലധികം കലാകാരന്മാർ പങ്കെടുക്കും
text_fieldsറിയാദ്: ‘റിയാദ് ആർട്ട് പ്രോഗ്രാമിന്റെ’ പരിപാടികളിലൊന്നായ ‘നൂർ റിയാദ്’ ആഘോഷം നാലാം പതിപ്പ് ഈമാസം 18 മുതൽ ആരംഭിക്കും. 18 രാജ്യങ്ങളിൽനിന്നുള്ള 60ലധികം കലാകാരന്മാർ പങ്കെടുക്കും. സൗദി ക്യുറേറ്റർ ഡോ. ഇഫത്ത് അബ്ദുല്ല ഫദഖ്, ഇറ്റാലിയൻ ക്യുറേറ്റർ ഡോ. ആൽഫ്രെഡോ ക്രാമെറോട്ടി എന്നിവർ മേൽനോട്ടം വഹിക്കും.
അബ്ദുറഹ്മാൻ താഹ, ആതാർ അൽ ഹർബി, യൂസുഫ് അൽ അഹ്മദ്, നാസർ അൽ തുർക്കി, സഊദ് അൽ ഹുവൈദി, മറിയം ത്വാരിഖ് തുടങ്ങിയ 18 പ്രമുഖ സൗദി കലാകാരന്മാരുടെ സൃഷ്ടികളും ആഘോഷത്തിൽ ഉൾപ്പെടും.
ആസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്സ്, പോളണ്ട്, ദക്ഷിണ കൊറിയ, സ്പെയിൻ, യു.കെ, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള 43 അന്തർദേശീയ കലാകാരന്മാർക്കൊപ്പമാണ് സൗദി കലാകാരന്മാർ അണിനിരക്കുന്നത്.
അന്തർദേശീയ കലാകാരന്മാരിൽ ജുകാൻ ടാറ്റീസ്, തകാഷി യസുര, കിംചി ആൻഡ് ചിപ്സ്, ലാച്ലാൻ തുർക്സാൻ, സ്റ്റെഫാനോ കാജോൾ, തകയുക്കി മോറി എന്നിവർ ഉൾപ്പെടും.
സൗദി കലാകാരന്മാരും അന്തർദേശീയ കലാകാരന്മാരും അനുഭവങ്ങൾ കൈമാറുന്ന ആഘോഷത്തിന് വലിയ പ്രധാന്യമുണ്ടെന്ന് ‘നൂർ അൽ റിയാദ്’ ഡയറക്ടർ എൻജി. നൗഫ് അൽ മുനിഫ് പറഞ്ഞു. സൗദിയിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർഗാത്മകതകൾ തമ്മിലുള്ള കലാപരമായ സഹകരണവും വിജ്ഞാന വിനിമയവും വർധിപ്പിക്കുന്നതിനുള്ള വിലപ്പെട്ട അവസരമാണ് ഈ പരിപാടി. ഈ കൈമാറ്റം പ്രാദേശിക കലയെയും കലാകാരന്മാരെയും പിന്തുണക്കുന്നതിന് ഗണ്യമായ സംഭാവന നൽകും.
കൂടാതെ റിയാദ് നഗരത്തിലെ കലാരംഗത്തിന്റെ വളർച്ചയെയും വികാസത്തെയും സഹായിക്കും. സമകാലിക കലയുടെ ആഗോള കേന്ദ്രമാക്കി നഗരത്തെ മാറ്റുകയും ചെയ്യും.
കുടുംബങ്ങളെയും കലാകാരന്മാരെയും കഴിവുള്ള ആളുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രചോദനാത്മക പ്ലാറ്റ്ഫോം ഒരുക്കിക്കൊണ്ട് തലസ്ഥാനത്തെ ജീവിതനിലവാരം ഉയർത്താനും അവരെ കലാപരമായ കണ്ടെത്തലിന്റെ അനുഭവത്തിലേക്ക് നയിക്കാനും നൂർ റിയാദ് ആഘോഷം ലക്ഷ്യമിടുന്നു.
പ്രകാശ കലകളിലൂടെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും റിയാദിനെ സർഗാത്മകത നിറഞ്ഞ ഒരു ഊർജസ്വലമായ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിനും ആഘോഷം സഹായിക്കുമെന്നും നൗഫ് അൽ മുനീഫ് പറഞ്ഞു.
ഡിസംബർ 14 വരെ ആഘോഷം നീളും. ബത്ഹക്ക് സമീപം മുറബ്ബയിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്റർ, നഗരത്തോട് ചേർന്നുള്ള വാദി ഹനീഫ, ദറഇയയിലെ ജാക്സ് ഡിസ്ട്രിക്ട് എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ സാംസ്കാരികവും സർഗാത്മകവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങളും കലാപരമായ പരിപാടികളും ഉണ്ടാകും. കൂടാതെ സന്ദർശകർക്ക് സവിശേഷവും അസാധാരണവുമായ അനുഭവം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന നിരവധി വിനോദപരിപാടികളും ഗൈഡഡ് ടൂറുകളും ആഘോഷത്തിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.