നോർക്ക-പ്രവാസി ക്ഷേമനിധി കാർഡ് വിതരണം ചെയ്ത് കേളി
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയയിലെ മുഴുവൻ അംഗങ്ങളെയും നോർക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ രജിസ്ട്രേഷൻ കാമ്പയിനിന്റെ ഭാഗമായി നടപടികൾ പൂർത്തിയാക്കിയവരുടെ കാർഡ് വിതരണം ബത്ഹ ക്ലാസിക് ഹാളിൽ നടന്നു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും കാർഡ് വിതരണവും മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് നിർവഹിച്ചു. ശുമൈസസി യൂനിറ്റിലെ മുതിർന്ന അംഗം മോഹൻ കുമാർ കാർഡ് ഏറ്റുവാങ്ങി.
പ്രവാസികളുടെ അഭയകേന്ദ്രമാണ് നോർക്കയെന്നും പ്രവാസികളുടെ പൊതുജനാധിപത്യ വേദിയായ ലോക കേരളസഭ സമ്മേളനങ്ങളിൽ ഉയർന്നുവന്ന കാതലായ നിരവധി നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന് നോർക്കക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മുഴുവൻ പ്രവാസികളും നോർക്കയിലും പ്രവാസിക്ഷേമനിധിയിലും അംഗമാകണമെന്നും കെ.പി.എം. സാദിഖ് അഭിപ്രായപ്പെട്ടു. ബത്ഹ ഏരിയയിലെ അംഗങ്ങൾക്കായാണ് രജിസ്ട്രേഷൻ കാമ്പയിൻ തുടങ്ങിയതെങ്കിലും അംഗങ്ങളല്ലാത്ത നിരവധി ആളുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബത്ഹ ഏരിയ ജോയന്റ് സെക്രട്ടറി അനിൽ അറക്കൽ, ശുമൈസി യൂനിറ്റ് നിർവാഹക സമിതി അംഗം ജ്യോതിഷ്, ബത്ഹ സെന്റർ യൂനിറ്റ് നിർവാഹക സമിതി അംഗം ഷംസു കാരാട്ട് എന്നിവരാണ് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. മർഖബ് രക്ഷാധികാരി സമിതി അംഗം സിജിൻ കൂവള്ളൂരിന്റെ സാങ്കേതിക സഹായത്തോടെയാണ് കാർഡുകൾ വിതരണത്തിന് തയാറാക്കിയത്. ശാര റെയിൽ യൂനിറ്റ് സെക്രട്ടറി സുധീഷ് ചടങ്ങിൽ ആമുഖപ്രസംഗം നടത്തി. ഏരിയ വൈസ് പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഏരിയ ജോയന്റ് സെക്രട്ടറി അനിൽ അറക്കൽ സ്വാഗതം ആശംസിച്ചു. ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി രജീഷ് പിണറായി, മർഖബ് രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആൻറണി, ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ, ഏരിയ ട്രഷറർ ബിജു തായമ്പത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.