സൗദിയുടെ വടക്ക് ഭാഗങ്ങളിൽ താപനില താഴേക്ക്
text_fieldsയാംബു: സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങളിൽ താപനില ഗണ്യമായി കുറയുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. രാജ്യത്തെ ചെങ്കടൽ തീരമേഖലകളിൽ ബുധനാഴ്ച വരെ ഉപരിതല കാറ്റ് ശക്തിപ്പെടുമെന്നും പ്രവചനം. രാജ്യത്തെ പല പ്രദേശങ്ങളിലും തണുത്ത കാലാവസ്ഥ തുടരുന്നതോടൊപ്പം ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നി മേഖലകളിൽ ഇടിമിന്നലും സജീവമായ കാറ്റും തുടരുന്നു. ഖസിം, റിയാദ് പ്രവിശ്യകൾ, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചില പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തബൂക്ക് മേഖലയിലെ അൽ വജ്, ഉംലജ്, മദീന മേഖലയിലെ യാംബു, മക്ക മേഖലയിലെ റാബിഖ്, ജിദ്ദ, അല്ലൈത് തീരപ്രദേശങ്ങളിലായിരിക്കും ഉപരിതല കാറ്റ് കൂടുതൽ ശക്തിപ്പെടുക. കടലിൽ മത്സ്യബന്ധനത്തിനും സവാരിക്കും ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിലായിരിക്കും കാറ്റ് കൂടുതൽ പ്രകടമാകുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ ഇടയാക്കുംവിധം ശക്തമായ ഉപരിതല കാറ്റായിരിക്കും വീശുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.