സൗദിയിലെ വടക്കൻ മേഖല കൊടും ശൈത്യത്തിലേക്ക്
text_fields
യാംബു: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലും കിഴക്കൻ പ്രവിശ്യയിലും തണുപ്പ് ശക്തിപ്പെടുന്നു. രാത്രിയിലും അതിരാവിലെയും മൂടൽ മഞ്ഞുണ്ടാവുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ്. വടക്കൻ അതിർത്തി പ്രദേശങ്ങൾ, റഫ ഗവർണറേറ്റ്, അൽ ജൗഫ്, തബൂക്ക് എന്നിവിടങ്ങളിലാണ് കടുത്ത മൂടൽ മഞ്ഞിന് സാധ്യത.
ജീസാനിലെ ചെങ്കടൽ ഭാഗത്ത് ഉപരിതല കാറ്റിന്റെ വേഗവും തിരമാലകളുടെ ഉയരവും കൂടുമെന്നതിനാൽ ആ ഭാഗത്തുള്ളവർക്കും ജാഗ്രത നിർദേശം നൽകി. ചെങ്കടലിലെ വടക്കുകിഴക്ക് ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും മണിക്കൂറിൽ 10 മുതൽ 30 വരെ കിലോമീറ്റർ വേഗത്തിലും തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിലും കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിലാണ്. മൂന്നു ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. അബഹ, ഹാഇൽ, ഖുറയ്യാത്ത്, ബീഷ, ഖമീസ് മുശൈത്ത്, നജ്റാൻ, അറാർ തുടങ്ങിയ പ്രദേശങ്ങളിലും താപനില കുറയുന്നുണ്ട്. റിയാദ്, ഖസീം പ്രവിശ്യകളിലെ പല ഭാഗങ്ങളിലും താപനില കുറഞ്ഞുവരുന്നുണ്ട്. തബൂക്കിലെ അൽ ലൗസ് മലനിരകളിലും മറ്റു ഉയർന്ന ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഇനിയും ശക്തിപ്പെടുമെന്നാണ് റിപ്പോർട്ട്.
മഞ്ഞുപുതഞ്ഞു കിടക്കുന്ന പ്രദേശങ്ങൾ കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സന്ദർശകരും ധാരാളമായി എത്തുന്നുണ്ട്. വടക്കൻ അതിർത്തി മേഖലയിലെ റഫ ഗവർണറേറ്റ് പരിധിയിൽ കഴിഞ്ഞ ദിവസം പ്രകടമായ അഭൂതപൂർവമായ മൂടൽമഞ്ഞ് ആളുകൾക്ക് കാഴ്ചവിരുന്നായി. ഇവിടെ താപനില ഏഴു ഡിഗ്രി വരെ താഴ്ന്നു. പ്രദേശത്തെ തെരുവോരങ്ങളിലും ചത്വരങ്ങളിലും മൂടൽമഞ്ഞ് നിറഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.