വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല; പറയാനുള്ളത് സ്നേഹത്തെക്കുറിച്ച് മാത്രം -ഫാ. ചിറമേൽ
text_fieldsദമ്മാം: മനുഷ്യവിരുദ്ധമായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താനില്ലെന്നും ഇത്തരം ചോദ്യങ്ങളിൽനിന്ന് ബോധപൂർവം ഒഴിവാകുകയാണ് ചെയ്യാറുള്ളതെന്നും ഫാ. ചിറമേൽ. കഴിഞ്ഞ ദിവസം അൽഖോബാറിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് ഈ ലോകത്തോട് പറയാനുള്ളത് നന്മയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതെ ദൈവത്തെ കണ്ടുമുട്ടാനാകില്ല. ഇത് എന്റെ കണ്ടുപിടിത്തമല്ല.
വേദപുസ്തകങ്ങൾ എല്ലാം പഠിപ്പിക്കുന്നത് അങ്ങനെതന്നെയാണ്. പക്ഷേ, ഇത് യഥാവിധം പറഞ്ഞുകൊടുക്കുന്നതിൽ മതപുരോഹിതന്മാരും വീഴ്ച വരുത്തുന്നതുകൊണ്ടാണ് മനുഷ്യനത് തിരിച്ചറിയാതെ പോകുന്നത്. 22 വർഷങ്ങൾക്കുമുമ്പ് അപകടത്തിൽപെട്ട ഒരു മനുഷ്യന്റെ മൃതദേഹം മോർച്ചറിയിലെത്തിക്കാൻ ആംബുലൻസില്ലാതെ കെട്ടിപ്പൊതിഞ്ഞ് മണിക്കൂറുകളോളം വഴിയരികിൽ കിടത്തിയതു കണ്ട ആഘാതത്തിൽനിന്നാണ് സജീവ ജീവകാരുണ്യപ്രവർത്തന മേഖലയിലേക്ക് ഇറങ്ങുന്നത്. ഇന്ന് തന്റെ നേതൃത്വത്തിലുള്ള 'ആക്ട്സ്' സന്നദ്ധ സംഘടന വഴി അപകടത്തിൽപെട്ട ആറര ലക്ഷം ആളുകളെ ആശുപത്രിയിലെത്തിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വാടാനപ്പള്ളിയിലെ നിർധന യുവാവ് ഗോപിനാഥിന്റെ വൃക്ക മാറ്റിവെക്കാൻ പലരിൽനിന്നായി സ്വരൂപിച്ച 12 ലക്ഷം രൂപയുമായി ഇതിന് ചുമതലപ്പെടുത്തിയവർ വൃക്ക വാങ്ങാൻ കോയമ്പത്തൂരിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ താൻ തടയുകയായിരുന്നു. വൃക്കദാനത്തെക്കുറിച്ച് പലരിൽനിന്ന് പഠിച്ചതിനുശേഷമാണ് വൃക്ക നൽകാൻ തയാറായത്. പക്ഷേ, അത് ഇത്രയേറെ ആളുകളെ പ്രചോദിപ്പിക്കുമെന്ന് കരുതിയില്ല. നീ മറ്റുള്ളവന് ചെയ്തുകൊടുത്താൽ നിനക്കുള്ളത് ദൈവം തരും. എന്നാൽ, അവയവദാനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മതങ്ങളാണ്. മരിച്ചുകഴിഞ്ഞ് എല്ലാം സ്വർഗത്തിൽ കൊണ്ടുപോകാൻ വെച്ചിരിക്കുകയാണ് മനുഷ്യൻ.
ഇത് കത്തിച്ചുകളയുകയോ കുഴിച്ചിടുകയോ ആണ് ചെയ്യുന്നതെന്ന് ആരും ചിന്തിക്കുന്നതേയില്ല. അവൻ അവന്റെ അവയവം മറ്റുള്ളവന് കൊടുക്കാൻ തയാറായാൽ ദൈവം അവനെ സ്വർഗത്തിലേക്ക് കൈപിടിച്ചുകയറ്റും. നേരത്തേ കേരളത്തിലെ ആയിരങ്ങൾക്ക് കാഴ്ച തിരിച്ചുനൽകിയത് ശ്രീലങ്കയിൽനിന്നുള്ള കണ്ണുകളായിരുന്നു. അവിടെയുണ്ടയിരുന്ന ഒരു ബുദ്ധ സന്യാസിയുടെ പ്രസ്താവനയായിരുന്നു ഇതിന് കാരണം.
കണ്ണുകൾ ദാനം ചെയ്താൽ മരിച്ചുകഴിഞ്ഞ് സ്വർഗത്തിൽ പോകും എന്ന അദ്ദേഹത്തിന്റെ ഉപദേശം ആയിരങ്ങളെ പ്രചോദിപ്പിച്ചു. ഈ തരത്തിൽ അവയവദാനത്തിന്റെ മഹത്ത്വം പറയാൻ മതപുരോഹിതന്മാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നമ്മുടെ രാജ്യം സമ്പന്നന്റേതായി മാറിക്കൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സമ്പന്നൻ കൂടുതൽ സമ്പന്നനും ദരിദ്രൻ കൂടുതൽ ദരിദ്രനുമായിക്കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്റെ ആവശ്യങ്ങളെക്കുറിച്ച് ചോദിക്കാൻ ആരുമില്ലാതായിരിക്കുന്നു. കോവിഡ് കാലത്ത് അധികമാളുകളും മരിച്ചത് കൃത്യമായ ചികിത്സ ലഭിക്കാതെയാണ്. അത് തന്റെ മനസ്സിനെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങൾക്കും കൈയഴിഞ്ഞു സഹായിക്കുന്ന പ്രവാസികൾക്കുപോലും നാട്ടിൽ ഒരു പരിഗണനയും കിട്ടുന്നില്ല. മിതമായ നിരക്കിൽ അവർക്ക് മികച്ച ചികിത്സ കിട്ടുന്ന ഒരു ആശുപത്രി വേണമെന്ന് ഞാൻ സ്വപ്നം കാണുകയാണ്. എന്റെ സ്വപ്നങ്ങൾ എല്ലാം അപരനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.