ശ്രദ്ധേയ നേട്ടം: മലയാളി വിദ്യാർഥികളെ കേളി ആദരിച്ചു
text_fieldsറിയാദ്: ഇന്ത്യയുടെ 14 പ്രസിഡന്റുമാരുടെയും 15 പ്രധാനമന്ത്രിമാരുടെയും ഫോട്ടോകൾ എ-ഫോർ പേപ്പറിൽ സ്കെച്ച് രൂപത്തിൽ വരച്ച് ശ്രദ്ധേയനായ റിയാദിലെ മലയാളി വിദ്യാർഥി വചൻ സുനിലിനെ കേളി കലാസാംസ്കാരിക വേദി ആദരിച്ചു. കേളിയുടെ 21ാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് വചൻ സുനിലിനോടൊപ്പം 'മെമ്മറി മാരത്തൺ' റെക്കോർഡ് ജേതാക്കളായ യുക്ത ആർ. മനോജ്, വിസ്മയ ആർ. മനോജ് എന്നിവരെയും ആദരിച്ചത്. റിയാദിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ വചൻ പെൻസിൽകൊണ്ടാണ് സ്കെച്ചുകൾ ആലേഖനം ചെയ്തത്. ഹരിയാന ആസ്ഥാനമായ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് വചന്റെ വരകൾക്ക് അംഗീകാരം നൽകി. റെക്കോഡ് സർട്ടിഫിക്കറ്റ്, മെഡൽ, ഐ.ഡി കാർഡ്, മറ്റു സമ്മാനങ്ങൾ എന്നിവ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതർ വചന് സമ്മാനിച്ചു.
ആലപ്പുഴ ചെന്നിത്തല സ്വദേശിയായ വചൻ സുനിൽ, മലയാളം മിഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച ഡ്രോയിങ് മത്സരം ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചു വർഷമായി ഡ്രോയിങ് പഠിക്കുന്ന വചൻ സുനിൽ റിയാദിലെ ഷിനു ആർട്സിലും ഇപ്പോൾ മുംബൈ ആസ്ഥാനമായ 'സ്ക്രിബിൾസ് ആൻഡ് സ്കെച്ചസ്' എന്ന സ്ഥാപനത്തിലും ചിത്രംവര പരിശീലിക്കുന്നു. റിയാദിൽ സോഫ്റ്റ്വെയർ പ്രഫഷനലും കേളി കലാസംസ്ക്കാരിക വേദി കേന്ദ്ര കമ്മിറ്റിയംഗവും റൗദ ഏരിയ സെക്രട്ടറിയുമായ സുനിൽ സുകുമാരന്റെയും മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂൾ അധ്യാപിക അനു സുനിലിന്റെയും മകനാണ് വചൻ. സഹോദരി വേദ സുനിൽ യു.കെ.ജി വിദ്യാർഥിനിയാണ്. 'മെമ്മറി മാരത്തൺ' വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലാണ് യുക്ത ആർ. മാനോജും വിസ്മയ ആർ. മനോജും ഇടം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.