സൗദിയിൽ ഇനി മാതളക്കാലം
text_fieldsബുറൈദ: ഈത്തപ്പഴത്തിനും മുന്തിരിക്കും അത്തിപ്പഴത്തിനും പിന്നാലെ സൗദി അറേബ്യയിലെ കർഷകർക്ക് സമൃദ്ധി സമ്മാനിച്ച് മാതളക്കാലം വരുന്നു. ഖസീം, അൽ-ജൗഫ്, അൽ-ബാഹ, അസീർ പ്രവിശ്യകളിലെ കൃഷിയിടങ്ങളിലാണ് 'റുമാൻ' എന്ന അറബിപ്പേരുള്ള മധുരഫല വിളവെടുപ്പിന് ഒരുക്കം നടക്കുന്നത്.
ഈ നാല് പ്രവിശ്യകളിലുമായി പരന്നുകിടക്കുന്ന 1600ലധികം ഹെക്ടർ തോട്ടങ്ങളിലായി രണ്ട് ലക്ഷത്തിൽപരം മാതളച്ചെടികൾ ഉണ്ടെന്നാണ് പരിസ്ഥിതി, ജല, കൃഷിമന്ത്രാലയത്തിന്റെ കണക്ക്. 30,000 ടൺ മാതളനാരങ്ങ സൗദി അറേബ്യ ഉൽപാദിപ്പിക്കുന്നുണ്ട്. ആഭ്യന്തര ഉപയോഗത്തിന്റെ 35 ശതമാനത്തോളം വരുമിത്.
ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഉത്തമമാണ് മാതളനാരങ്ങ. ധാരാളം പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്ന ഈ ഫലവർഗം തിളക്കമുള്ള മുടിയും ആരോഗ്യകരമായ ചർമവും നിലനിർത്താനും ഉപകരിക്കുന്നു. ചെറിയ പുളിയുള്ള മധുരം പകർന്നുതരുന്ന റുമാൻ പഴം മധ്യപൗരസ്ത്യ ദേശത്തെ വീടുകളിലെ തീൻമേശകളിലെ സ്ഥിരം കാഴ്ചയാണ്.
ചരിത്രത്തിലും സംസ്കാരത്തിലും രേഖപ്പെടുത്തപ്പെട്ട ഫലം കൂടിയാണിത്. മധ്യേഷ്യൻ നാഗരികതയുടെ ആരംഭത്തിൽതന്നെ മനുഷ്യർ കൃഷിചെയ്ത ചെടികളിൽ ഒന്നാണ് മാതളനാരകമെന്ന് ചരിത്രരേഖകളിൽ കാണാം.
5000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇറാൻ, ഇറാഖ് പ്രദേശങ്ങളിൽ മാതളച്ചെടികൾ കൃഷിചെയ്തിരുന്നു. അവിടെനിന്നാണ് കിഴക്ക് ഇന്ത്യയിലേക്കും പടിഞ്ഞാറ് ഈജിപ്തിലേക്കും വടക്ക് തുർക്കിയിലേക്കും ഇതിന്റെ കൃഷി വ്യാപിച്ചത്.
വിളവെടുപ്പ് സജീവമാകുന്ന അടുത്ത മാസം പകുതിയോടെ ഖസീമിലെ ഷെഅരിയിൽ കൃഷി മന്ത്രാലയത്തിന്റെ ഖസീം ശാഖയുടെ മേൽനോട്ടത്തിലും കോഓപറേറ്റിവ് ഫാർമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും അൽ-ബാഹയിലും 'റുമാൻ ഫെസ്റ്റു'കൾ നടക്കും. കഴിഞ്ഞവർഷം രാജ്യത്തെ ലുലു ഹൈപർ മാർക്കറ്റുകളും റുമാൻ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. സീസണിൽ വളരെ കുറഞ്ഞ വിലയ്ക്ക് മാതളനാരങ്ങയുടെ വിവിധയിനങ്ങൾ രാജ്യത്ത് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.