ഇനി തൊഴിലവസരങ്ങളിൽ പത്തിലൊന്നും ടൂറിസം മേഖലയില്‍ –സൗദി മന്ത്രി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇനിയുണ്ടാകുന്ന തൊഴിലവസരങ്ങളിൽ പത്തിലൊന്നും ടൂറിസം മേഖലയിലായിരിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖതീബ്. സൗദിയിലെ യുവജനതയുടെ ഏറ്റവും ഇഷ്ട ജോലികളും ഈ മേഖലയിലാണ്.
രാജ്യത്തെ ഒമ്പത് വിനോദസഞ്ചാര മേഖലകൾ വികസിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. സൗദി ജി.ഡി.പിയുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയിൽനിന്നാണ്. ഈ മേഖലയിലെ ജോലിക്ക് 500 ദശലക്ഷം റിയാല്‍ നീക്കിവെച്ചതായി ടൂറിസം മന്ത്രി അറിയിച്ചു.
വിവിധ പ്രദേശങ്ങളിലെ ഒമ്പത് വിനോദസഞ്ചാരകേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. ഇതടക്കം രാജ്യത്തെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന 42 വിനോദസഞ്ചാരകേന്ദ്രങ്ങളുടെ മികവും ഉയര്‍ത്തും.
വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കും.
2021ല്‍ 29 പദ്ധതികള്‍ക്ക് എട്ടു ശതകോടി റിയാല്‍ മുതല്‍മുടക്കില്‍ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ധനസഹായം നല്കി. ഇതിലൂടെ മാത്രം 17,000 തൊഴിലുകൾ സൃഷ്ടിച്ചു.
ആഭ്യന്തര ടൂറിസത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യയെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ഈ മേഖലയിലാകും.
സൗദി യുവതീയുവാക്കൾ ഇതിൽ അതീവ താൽപര്യം കാണിക്കുന്നുണ്ട്. മെച്ചപ്പെട്ട പരിശീലനവും ഉയർന്ന ശമ്പളവുമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.