സൗദിയിൽ ഇനി ടാക്സിയിൽ പറക്കാം
text_fieldsറിയാദ്: ഇനി സൗദി അറേബ്യയിൽ ടാക്സിയിൽ പറക്കാം. നൂറ് പറക്കും ടാക്സികൾ (എയർ ടാക്സി) ഉടൻ രാജ്യത്തെത്തും. ഇതിനായി ജർമൻ കമ്പനിയായ ലിലിയം എൻ.വിയുമായി എയർ ടാക്സി ഓപറേറ്റിങ്ങിനായി സൗദി ഗ്രൂപ് അന്തിമ കരാർ ഒപ്പിടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എയർ ടാക്സികൾ വാങ്ങുന്നതിനും രാജ്യത്തുടനീളം ഇവയുടെ വ്യോമഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും സൗദിയ ഗ്രൂപ് 2022 ഒക്ടോബറിലായിരുന്നു പ്രാഥമിക ധാരണപത്രം ഒപ്പുവെച്ചത്. ഇതനുസരിച്ച് നിർമിച്ച എയർ ടാക്സികൾ രാജ്യത്ത് എത്തിക്കുന്നതിനുള്ള പർച്ചേസിങ് ഓർഡറാക്കി മാറ്റാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ഈ മാസം 18 ന് മ്യൂണിക്കിനടുത്തുള്ള ലിലിയം ആസ്ഥാനത്തുവെച്ച് പർച്ചേസിങ് കരാറിൽ അന്തിമ ഒപ്പുവെക്കലുണ്ടാവും. ലിലിയം കമ്പനിക്ക് ലഭിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ് സൗദി ഗ്രൂപ്പിന്റേത്. ഇതുവരെ ലിലിയത്തിന് ലഭിച്ചിട്ടുള്ള 780 ഓർഡറുകളിലെ ഏറ്റവും വലുതാണിത്.
കുറഞ്ഞ കാർബൺ എമിഷൻ നിരക്ക് ലിലിയം ജെറ്റിന്റെ സവിശേഷതയാണ്. ഇത് സുസ്ഥിര വിമാനയാത്രക്കും ഫ്ലൈറ്റ് സമയം കുറക്കുന്നതിനുമുള്ള സാധ്യതകളിലൊന്നാക്കി മാറ്റുന്നു. നൂറ് പറക്കും ടാക്സികൾ വാങ്ങുന്നതിലൂടെ സൗദി അറേബ്യ നിരവധി യാത്ര ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള നൂതന സേവനം ആരംഭിക്കാൻ പോകുകയാണ്.
സൗദി എയർലൈൻസ് പ്രവർത്തിക്കുന്ന പ്രധാന വിമാനത്താവളങ്ങൾക്കിടയിലുള്ള എയർ റൂട്ടുകൾ ഇതിനെ പിന്തുണക്കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വിമാനയാത്രക്കാർക്കുള്ള പ്രത്യേക സേവനമാക്കി എയർ ടാക്സിയെ മാറ്റാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.