മസ്ജിദുൽ ഹറാമിൽ പ്രതിദിന ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണം 60,000 ആക്കി
text_fieldsജിദ്ദ: ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണം പ്രതിദിനം 60,000 ആയി ഉയർത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നാളെ മുതൽ ഇതു നടപ്പിൽ വരും. ആരോഗ്യ മുൻകരുതൽ നടപടികൾക്ക് അനുസൃതമായാണ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ചത് ആരോഗ്യ മന്ത്രാലയം, ഹജ്ജ് മന്ത്രാലയം തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ കർശനമായ നിർദേശങ്ങൾക്ക് അനുസൃതമായാണ്.
കോവിഡ് സാഹചര്യത്തിൽ ഉംറക്ക് നേരത്തെ നിശ്ചയിച്ച നടപടിക്രമങ്ങൾ തുടരും. ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും അനുമതി പത്രം ലഭിക്കുന്നതിനുള്ള അംഗീകൃത പ്ലാറ്റ്ഫോമുകൾ 'തവക്കൽന' യും 'ഇഅ്തമർന' യുമാണ്.
വ്യാജ പ്ലാറ്റ്ഫോമുകളിലും സൈറ്റുകളിലും പെട്ടുപോകുന്നത് കരുതിയിരിക്കണം. ഉംറക്ക് തിരിക്കുന്നതിനു മുമ്പ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്ത തീയതിയും സമയവും ഉറപ്പുവരുത്തണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, ഉംറ തീർഥാടകരുടെ എണ്ണം പ്രതിദിനം 60,000 ആയി വർധിപ്പിക്കുന്നതോടെ കൂടുതൽ പേർക്ക് മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കാൻ അവസരം ലഭിക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ച സമയത്ത് പ്രതിദിനം 6,000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്.
പിന്നീട് ക്രമാനുഗതമായി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ റമദാനിൽ ഉംറക്കും നമസ്കാരത്തിനും കൂടുതൽ പേർക്ക് അനുമതി നൽകിയിരുന്നു. ഹജ്ജ് കഴിഞ്ഞ് ദുൽഹജ്ജ് 15 ന് ഉംറ തീർഥാടനം പുനരാരംഭിച്ചപ്പോൾ പ്രതിദിനം 20,000 പേർക്ക് എന്ന തോതിലായിരുന്നു ഹറമിലേക്ക് പ്രവേശനം നൽകിയിരുന്നത്.
അനുമതി പത്രം നേടിയിരിക്കുക, 18 വയസ്സ് പൂർത്തിയായിരിക്കുക എന്നതായിരുന്നു മസ്ജിദുൽ ഹറാമിലേക്ക് പ്രവേശനത്തിനു നേരെത്തെയുള്ള നിബന്ധന. ഹജ്ജിനു ശേഷം ഉംറക്കെത്തുന്നവർ വാക്സിനെടുത്തിരിക്കണമെന്നും കൂടി നിബന്ധനയായി നിശ്ചയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.