സൗദിയിൽ ഭക്ഷണ, പാനീയ, മെഡിക്കൽ ഫാക്ടറികളുടെ എണ്ണത്തിൽ വൻവർധന
text_fieldsജിദ്ദ: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് ഭക്ഷണ, പാനീയ, മെഡിക്കൽ ഫാക്ടറികളുടെ എണ്ണത്തിൽ വൻ വർധന. 2016 മുതൽ 2020 മൂന്നാം പാദം വരെയുള്ള കാലയളവിൽ സൗദിയിലെ വിവിധ ഇൻഡസ്ട്രിയൽ സിറ്റികളിൽ ഭക്ഷണ, പാനീയ ഫാക്ടറികളുടെ എണ്ണത്തിൽ 200 ശതമാനവും മെഡിക്കൽ ഫാക്ടറികളുടെ എണ്ണത്തിൽ 150 ശതമാനവുമാണ് വർധന ഉണ്ടായിരിക്കുന്നത്.
ഭക്ഷണ പാനീയ ഫാക്ടറികളുടെ എണ്ണം 915ഉം മെഡിക്കൽ ഫാക്ടറികളുടെ എണ്ണം 173ഉം വരെ വർധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ പങ്കാളികൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കിയതും പ്രോത്സാഹനങ്ങളും ഫാക്ടറികൾ കൂടാൻ കാരണമായതായി മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഖുസയ് അബ്ദുൽകരീം വ്യക്തമാക്കി.
നിക്ഷേപകരുടെ പ്രവർത്തന ചെലവ് കുറക്കാനും ഉൽപാദനസമയം കുറക്കാനും ഇത് കാരണമായി. ഇൻഡസ്ട്രിയൽ സിറ്റികളുടെ മേൽനോട്ട ചുമതല വഹിക്കുന്ന സർക്കാർ ഏജൻസിയായ 'മുദ്നി'െൻറ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2016 മുതൽ 2020 വരെയുള്ള കാലയളവിൽ ഭക്ഷണ, പാനീയ ഫാക്ടറികളുടെ എണ്ണത്തിൽ 200 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്.
2016ൽ 318 ഫാക്ടറികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ ഫാക്ടറികൾ പടിഞ്ഞാറൻ മേഖലയിലാണ്, 482 ഫാക്ടറികൾ. മധ്യമേഖലയിൽ 315ഉം കിഴക്കൻ മേഖലയിൽ 118ഉം ഫാക്ടറികളുണ്ട്. മാംസം, റൊട്ടി, പാൽ, ജ്യൂസ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഫാക്ടറികൾ ഇതിലുൾപ്പെടും. മെഡിക്കൽ ഫാക്ടറികളുടെ എണ്ണത്തിലും വൻവർധനയാണ് ഉണ്ടായിരിക്കുന്നത്. 2016ൽ 64 ഫാക്ടറികളാണുണ്ടായിരുന്നത്.
2020െൻറ മൂന്നാം പാദത്തിൽ ഫാക്ടറികളുടെ എണ്ണം 173 ആയി ഉയർന്നു. ഇതിലധികം മധ്യമേഖലയിലാണ്. 12 ഇൻഡസ്ട്രിയൽ സിറ്റിയിലായി 90 ഫാക്ടറികളുണ്ട്. പടിഞ്ഞാറൻ മേഖലയിൽ 13 സിറ്റികളിയായി 60 ഫാക്ടറികളും കിഴക്കൻ മേഖലയിൽ 10 സിറ്റികളിലായി 23 ഫാക്ടറികളുമുണ്ട്. ട്യൂബുകൾ, മെഡിക്കൽ സുരക്ഷവസ്ത്രങ്ങൾ, കാൻസർ, മാനസികരോഗ ചികത്സമരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, മെഡിക്കൽ സ്റ്റെറിലൈസറുകൾ, വിറ്റമിനുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഫാക്ടറികൾ ഇതിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.