പുതിയ സീസൺ: ഉംറ തീർഥാടകരുടെ എണ്ണം 62 ലക്ഷമായി
text_fieldsമക്ക: 2024 മൂന്നാം പാദത്തിൽ ആകെ ഉംറ തീർഥാടകരുടെ എണ്ണം 62 ലക്ഷത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ എണ്ണത്തേക്കാൾ 35 ശതമാനം വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. 2024ലെ മൂന്നാം പാദത്തിൽ ഉംറ നിർവഹിക്കാൻ എത്തിയവരുടെ ആകെ എണ്ണത്തിൽ പുരുഷന്മാർ 57.4 ശതമാനവും സ്ത്രീകൾ 42.6 ശതമാനവും ആയതായും അതോറിറ്റി സൂചിപ്പിച്ചു. ഇതിൽ 10.7 ശതമാനം സൗദി തീർഥാടകരാണ്. 2023ലെ മൂന്നാം പാദത്തേക്കാൾ 29.2 ശതമാനം വർധനവോടെ 2024ലെ മൂന്നാം പാദത്തിൽ വിദേശ ഉംറ തീർഥാടകരുടെ എണ്ണം 33 ലക്ഷത്തിലെത്തി.
ഇതിൽ പുരുഷ തീർഥാടകരുടെ എണ്ണം 17 ലക്ഷമാണ്, 51 ശതമാനം. സ്ത്രീ തീർഥാടകരുടേത് 16 ലക്ഷത്തിലെത്തി, 49 ശതമാനം. ആകെ ആഭ്യന്തര ഉംറ തീർഥാടകരുടെ എണ്ണം 2024 മൂന്നാം പാദത്തിൽ ഏകദേശം 29 ലക്ഷമാണെന്ന് അതോറിറ്റി പറഞ്ഞു. 2023ലെ മൂന്നാം പാദത്തേക്കാൾ 42.4 ശതമാനം വർധനവാണിത്. ഇതിൽ സൗദി തീർഥാടകരുടെ എണ്ണം 6,71,700 തീർഥാടകരിലെത്തി. ഇത് 23.1 ശതമാനമാണ്.
സൗദിയിതര തീർഥാടകരുടെ എണ്ണം 22 ലക്ഷമാണ്, 76.9 ശതമാനം. പുരുഷ ആഭ്യന്തര തീർഥാടകരുടെ എണ്ണം 18 ലക്ഷത്തിലെത്തി, 64.8 ശതമാനം.
സ്ത്രീ തീർഥാടകരുടെ എണ്ണം ഏകദേശം 10 ലക്ഷത്തിലെത്തി, ഇത് 35.2 ശതമാനമാണ്. 35നും 44നും ഇടയിൽ പ്രായമുള്ള ഉംറ തീർഥാടകരാണ് 2024 മൂന്നാം പാദത്തിൽ വിദേശത്തുള്ള ഉംറ തീർഥാടകരിൽ ഏറ്റവും ഉയർന്ന ശതമാനം. അവരുടെ ശതമാനം വിദേശത്തുനിന്നുള്ള മൊത്തം ഉംറ തീർഥാടകരിൽ 17.6 ശതമാനമാണ്.
65 വയസ്സിന് മുകളിലുള്ള ഉംറ തീർഥാടകരാണ് ഇതേ പാദത്തിൽ വിദേശ ഉംറ തീർഥാടകരിൽ ഏറ്റവും ചെറിയ ശതമാനം. അവരുടെ ശതമാനം 9.2ൽ എത്തി.
മറുവശത്ത് 30നും 39നും ഇടയിൽ പ്രായമുള്ള ഉംറ തീർഥാടകരാണ് 2024 മൂന്നാം പാദത്തിൽ ആഭ്യന്തര ഉംറ തീർഥാടകരിൽ ഏറ്റവും ഉയർന്ന ശതമാനം. അവരുടെ ശതമാനം മൊത്തം ആഭ്യന്തര തീർഥാടകരിൽ 29.2 ശതമാനമാണ്. ഒരിക്കൽ ഉംറ നിർവഹിച്ച ആഭ്യന്തര തീർഥാടകരുടെ എണ്ണം ഏകദേശം 22,95,747 തീർഥാടകരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അവരിൽ പുരുഷന്മാരുടെ ശതമാനം 64.0 ശതമാനവും സ്ത്രീകളുടേത് 36.0 ശതമാനവുമാണ്.
2024െൻറ മൂന്നാം പാദത്തിൽ ഉംറ വിസയിലെത്തിയ വിദേശ തീർഥാടകർ 60.8 ശതമാനമാണ്. മറ്റ് വിസകളിൽ എത്തിയ തീർഥാടകരുടെ എണ്ണം 29.7 ശതമാനമാണ്. ഇലക്ട്രോണിക് വിസിറ്റ് വിസയിൽ എത്തിയ തീർഥാടകരുടെ ശതമാനം 6.6 ശതമാനമാണ്. ഉംറ തീർഥാടകരിൽ 2.9 ശതമാനം ഗൾഫ് വിസയിൽ എത്തിയവരാണെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.