മലയാളികളുൾപ്പെടെ 213 ഇന്ത്യൻ നഴ്സുമാർ സൗദിയിൽ തിരിച്ചെത്തി
text_fieldsജിദ്ദ: നാട്ടിൽ അവധിക്ക് പോയിരുന്ന മലയാളികളടക്കമുള്ള 213 ഇന്ത്യൻ നഴ്സുമാർ സൗദി അറേബ്യയിൽ തിരിച്ചെത്തി. കോവിഡ് കാലം വരുന്നതിന് മുമ്പ് അവധിക്ക് നാട്ടിൽ പോയവരാണിവർ. കോവിഡ് കാരണം വിമാന സർവിസ് നിർത്തിവെച്ചതിനെ തുടർന്ന് നിശ്ചിത സമയത്ത് സൗദിയിലേക്ക് മടങ്ങിവരാൻ കഴിയാതെ സൗദിയിൽ നിന്നുള്ള വിളിയും കാത്ത് സ്വദേശത്ത് തന്നെ തങ്ങുകയായിരുന്നു. സൗദിക്ക് പുറത്ത് കുടുങ്ങി കിടക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും തിരിച്ചു കൊണ്ടുവരണമെന്ന് ഗവൺമെൻറ് ഉത്തരവിട്ടിരുന്നു. തുടർന്നാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇവരെ തിരികെ കൊണ്ടുവരുന്നത്. ഇന്ത്യയിൽ നിന്ന് നഴ്സുമാർ സൗദിയിലെ അബ്ഹ വിമാനത്താവളത്തിലാണ് എത്തിയത്.
നഴ്സുമാരെ അസീർ മേഖല ആരോഗ്യ കാര്യാലയ മേധാവികളും ജീവനക്കാരും പൂക്കൾ നൽകി സ്വീകരിച്ചു. ഇവരുടെ ആരോഗ്യ പരിശോധനക്ക് ഫീൽഡ് ആശുപത്രി ഒരുക്കിയിരുന്നു. സമൂഹ അകലപാലനത്തിനും ലഗേജുകൾ അണുമുക്തമാക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. 14 ദിവസത്തെ ഹോം ക്വാറൻറീനും അതിനുശേഷം മെഡിക്കൽ പരിശോധനക്കും ശേഷമായിരിക്കും ഇവർ ജോലിയിൽ പുനഃപ്രവേശിക്കുക. താമസത്തിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതേപോലെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വദേശികളും വിദേശികളുമായ ആരോഗ്യ മേഖലയിലെ ജീവനക്കാരെ തിരിച്ചു കൊണ്ടുവരുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരാഴ്ച മുമ്പ് തബൂക്ക് വിമാനത്താവളം വഴി ഇന്ത്യയിൽ നിന്ന് 200 ലധികം നഴ്സുമാരെ സൗദിയിലെത്തിച്ചിരുന്നു. ഇതിലും മലയാളികളായിരുന്നു കൂടുതൽ. അവധിയിൽ നാട്ടിലുള്ള കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിലും എത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.