നഴ്സുമാരുടെ പിരിച്ചുവിടൽ ഭീഷണിക്ക് പരിഹാരം: സൗദി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പുതുക്കി നൽകി തുടങ്ങി
text_fieldsറിയാദ്: ഡിേപ്ലാമ സർട്ടിഫിക്കറ്റില്ലാത്തതിനാൽ സൗദിയിൽ കൂട്ടപിരിച്ചുവിടൽ ഭീഷണി നേരിട്ടിരുന്ന ജനറൽ നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരം. സൗദി കൗൺസിൽ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ് രജിസ്ട്രേഷൻ പുതുക്കി നൽകി തുടങ്ങി. സർക്കാർ, സ്വകാര്യ ആേരാഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് ആശ്വാസം നൽകുന്ന നടപടിയാണിത്. കേരള നഴ്സസ് കൗൺസിൽ നൽകിയ പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്നില്ലാതിരുന്നതും കോഴ്സിനും രജിസ്ട്രേഷനും വെവ്വേറെ സർട്ടിഫിക്കറ്റുകളില്ലാത്തതും കാരണം ഇൗ വർഷം മുതൽ രജിസ്ട്രേഷൻ പുതുക്കില്ലെന്ന സൗദി കൗൺസിൽ തീരുമാനമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് യോഗ്യതയുള്ളവരും വർഷങ്ങളായി സൗദിയിൽ ജോലി ചെയ്യുന്നവരുമായ നഴ്സുമാർ ഇതോടെ പ്രശ്നത്തിലായി. 2005ന് മുമ്പ് കോഴ്സ് പാസായവർക്ക് കേരള നഴ്സസ് കൗൺസിൽ കോഴ്സും രജിസ്ട്രേഷനും സംബന്ധിച്ച് ഒറ്റ സർട്ടിഫിക്കറ്റാണ് നൽകിയിരുന്നത്. ഇതാണ് ഇൗ നഴ്സുമാരുടെ കൈവശം ഇപ്പോഴുമുള്ളത്. 2005ന് ശേഷം കോഴ്സിനും രജിസ്ട്രേഷനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകി തുടങ്ങി. ഇതാണ് ലോക വ്യാപകമായി സ്വീകാര്യതയുള്ള രീതിയും. രണ്ടിനും പ്രത്യേകം സർട്ടിഫിക്കറ്റുകൾ വേണം.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിശ്ചിത കാലയളവിൽ പുതുക്കി കൊണ്ടിരിക്കുന്നതുമാവണം. സൗദി കൗൺസിലും ഇൗ രീതി എല്ലാ വിഭാഗം നഴ്സുമാർക്കും ബാധകമാക്കിയതോടെയാണ് ആജീവാനന്ത കാലത്തേക്ക് കേരള നഴ്സസ് കൗൺസിൽ നൽകിയ കോഴ്സും രജിസ്ട്രേഷനും ഒന്നായ, ഡിപ്ലോമ എന്ന പദമില്ലാത്ത പഴയ സർട്ടിഫിക്കറ്റ് അസാധുവായത്. സൗദി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കാതെ ജോലി ചെയ്യാനാവില്ല. ഇൗ രജിസ്ട്രേഷെൻറ അടിസ്ഥാനത്തിലാണ് ഒാരോ സ്ഥാപനത്തിലും ജോലിയിൽ തുടരാനുള്ള ലൈസൻസ് അനുവദിക്കുന്നതും. ഇൗ പ്രശ്നമുയർത്തി നഴ്സുമാർ രംഗത്തുവരികയും പ്രവാസി സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ബന്ധപ്പെട്ട സൗദി, ഇന്ത്യൻ അധികാരികളെ കണ്ട് പരിഹാരത്തിന് ശ്രമം നടത്തുകയും ചെയ്തു.
ഇത് സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചു. കേരള നഴ്സസ് കൗൺസിൽ രജിസ്ട്രേഷൻ പുതുക്കാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തുകയും പുതിയ സർട്ടിഫിക്കറ്റിൽ ഡിപ്ലോമ എന്ന് ചേർക്കാൻ തീരുമാനിക്കുകയും ചെയ്തു. ജിദ്ദയിലെ ഡോ. ബക്ഷ് ആശുപത്രിയിലെ ഇൻഫെക്ഷൻ വിഭാഗം പ്രാക്ടീഷണറായ മലയാളി സുശീയ കോരുതിെൻറ നേതൃത്വത്തിൽ സിമി, അനിത, ഷൈനി, റീന, സിജി എന്നീ നഴ്സുമാർ നടത്തിയ ശ്രമമാണ് അന്തിമ പരിഹാരത്തിലേക്ക് നയിച്ചത്. ജിദ്ദ നവോദയ ഭാരവാഹികളായ വി.കെ റഉൗഫ്, ഷിബു തിരുവനന്തപുരം എന്നിവരുടെ സഹായത്തോടെ ആദ്യം ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാനെ കണ്ട് വിഷയം അവതരിപ്പിച്ചു. അദ്ദേഹത്തിെൻറ സഹായത്തോടെ വൈസ് കോൺസുൽ സഞ്ജയ് കുമാർ ശർമ, സഹ ഉദ്യോഗസ്ഥൻ നജ്മുദ്ദീൻ എന്നിവരോടൊപ്പം സൗദി കൗൺസിലിെൻറ ജിദ്ദ മേധാവിയെ നേരിട്ട് കണ്ട് പ്രശ്നത്തിെൻറ ഗൗരവം ബോധിപ്പിക്കാൻ കഴിഞ്ഞത് വഴിത്തിരിവായെന്ന് സുശീല കോരുത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വസ്തുത ബോധ്യപ്പെട്ട കൗൺസിൽ മേധാവിയുടെ ഇടപെടൽ ഇൗ പ്രശ്നം നേരിട്ട സൗദിയിലെ എല്ലാ നഴ്സുമാർക്കും ആശ്വാസത്തിനുള്ള വഴി തുറക്കുകയായിരുന്നു. പുതുക്കാൻ നേരത്തെ അപേക്ഷിച്ച് നിരസിക്കപ്പെട്ടവരോടെല്ലാം വീണ്ടും ഒാൺലൈൻ അപേക്ഷ നൽകാൻ കൗൺസിലിൽ നിന്ന് ആവശ്യമുണ്ടായി. ഇൗയാഴ്ച നിരവധി പേർക്ക് രജിസ്ട്രേഷൻ പുതുക്കി കിട്ടി. കേരള നഴ്സസ് കൗൺസിലിൽ നിന്ന് രജിസ്ട്രേഷൻ പുതുക്കി കിട്ടുന്നതോടെ ഇനിയാർക്കും പ്രശ്നങ്ങളുണ്ടാവില്ലെന്നും സുശീല പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ഷൈലജ, ആേൻറാ ആൻറണി എം.പി, രാജു എബ്രഹാം എം.എൽ.എ, കേരള നഴ്സസ് കൗൺസിൽ രജിസ്ട്രാർ പ്രഫ. വത്സ പണിക്കർ, തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ ഓഫീസർ സതീശൻ നായർ, ജിദ്ദ ഡോ. ബക്ഷ് ആശുപത്രി സി.ഇ.ഒ റാനിയ ബക്ഷ്, എൻ.ആർ.െഎ സെൽ സ്റ്റേറ്റ് ജനറൽ കൺവീനർ എൻ. ഹരികുമാർ, വിവിധ നഴ്സിങ് അസോസിയേഷൻ ഭാരവാഹികൾ അടക്കമുള്ള നിരവധി പേരുടെ ഇടപെടലാണ് ആയിരക്കണക്കിന് നഴ്സുമാരുടെ ഭാവി അവതാളത്തിലാകുമായിരുന്ന ഇൗ പ്രശ്നത്തിന് പരിഹാരം കാണാൻ സഹായിച്ചതെന്നും സുശീല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.