ദമ്മാമിലെ കായിക സംഘാടകൻ അഷ്‌റഫ് തലപ്പുഴ നാട്ടിൽ മരിച്ചു
text_fieldsദമ്മാം: ദമ്മാമിൽ നീണ്ടകാലം കായിക സംഘാടകൻ ആയിരുന്ന വയനാട് സ്വദേശി അഷ്‌റഫ് തലപ്പുഴ നാട്ടിൽ മരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴി മധ്യേയായിരുന്നു മരണം. തലപ്പുഴ ഹയാത്തുൽ ഇസ്‌ലാം മഖ്ബറയിൽ മയ്യിത്ത് ഖബറടക്കി. ബിൻസയാണ് ഭാര്യ. വിദ്യാർത്ഥികളായ ശർഹാൻ, ഷംനാദ് എന്നിവർ മക്കളാണ്. ഇബ്രാഹിം, കുഞ്ഞുമുഹമ്മദ്, അബ്‌ദുൽ റഹ്‌മാൻ, അബൂബക്കർ എന്നിവർ സഹോദരന്മാരും ബീവാത്തു, മറിയം, ഖദീജ എന്നിവർ സഹോദരിമാരുമാണ്.
ഈ വർഷം ജനുവരി 11 നാണ് ദമ്മാമിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ദമ്മാമിലെ ഫുട്ബാൾ കൂട്ടായ്‌മകൾ അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നൽകിയിരുന്നു. അഷ്‌റഫ് തലപ്പുഴയുടെ വിയോഗം ഇപ്പോഴും ഉൾകൊള്ളാനാവാതെ വിഷമിക്കുകയാണ് കിഴക്കൻ പ്രവിശ്യയിലെ ഫുട്ബാൾ പ്രേമികളടങ്ങിയ പ്രവാസികൾ.
വലിയ സുഹൃദ് വലയത്തിന് ഉടമയായ അഷ്‌റഫ് തലപ്പുഴയുടെ ആകസ്‌മിക വിയോഗത്തിൽ ഡിഫ അനുശോചിച്ചു. ദമ്മാമിലെ ഫുട്ബാൾ മേഖലയുടെ വികാസത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അൽഖോബാർ യുണൈറ്റഡ് എഫ്.സിയുടെ സ്ഥാപകനായ അഷ്‌റഫ് തലപ്പുഴയുടെ നിര്യാണത്തിൽ ക്ലബ് മാനേജ്‌മെന്റ് അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്ന നഷ്‌ടം നികത്താനാവാത്തതാണെന്ന് ക്ലബ് മാനേജ്‌മെന്റിന്റെ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.