റിയാദിൽ മാൻഹോൾ അടപ്പ് പൊട്ടി മാലിന്യ ടാങ്കിൽ വീണ് മലയാളി മരിച്ചു
text_fieldsറിയാദ്: മാൻഹോൾ അടപ്പ് പൊട്ടി മാലിന്യ ടാങ്കിനുള്ളിൽ വീണ് മലയാളി മരിച്ചു. റിയാദിൽ വെള്ളിയാഴ്ച രാത്രിയില ുണ്ടായ സംഭവത്തിൽ മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി റഷീദ് കുട്ടശ്ശേരിയാണ് (49) മരിച്ചത്. റിയാദ് നഗരത്തിെൻറ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ശിഫ സനാഇയയിൽ കർട്ടൻ, സോഫ നിർമാണത്തിനുള്ള വസ്തുക്കൾ വിൽക്കുന്ന കടയിൽ ജീവനക്കാരനായ റഷീദ് കടയുടെ പിറകിലുള്ള ഗോഡൗണിലെ ടാങ്കിനുള്ളിലാണ് വീണത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഗോഡൗണിനോട് ചേർന്നുള്ള നഗരസഭയുടെ മാലിന്യപ്പെട്ടിയിൽ വേസ്റ്റ് നിക്ഷേപിക്കാൻ പോയതാണ്. ഗോഡൗണിെൻറ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അത് അടയ്ക്കാൻ വേണ്ടി അങ്ങോട്ടുനീങ്ങിയ റഷീദ് മാൻഹോളിന് മുകളിലെ അടപ്പിൽ ചവിട്ടിയതും അത് തകർന്ന് ടാങ്കിനുള്ളിൽ വീഴുകയായിരുന്നു.
ടാങ്കിൽ നിന്ന് ടാങ്കർ ലോറികൾക്ക് മലിന ജലം വലിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ഹോളിെൻറ അടപ്പാണ് പൊട്ടിയത്. സമയംകഴിഞ്ഞിട്ടും ആളെ കാണാതായതോടെ സഹപ്രവർത്തകർ വന്ന് നോക്കുേമ്പാഴാണ് മാൻഹോളിെൻറ അടപ്പ് പൊട്ടി തുറന്നുകിടക്കുന്നതായി കണ്ടത്.
സംശയം തോന്നി അപ്പോൾ തന്നെ പൊലീസിനെ വിളിച്ചു. പൊലീസും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ടാങ്കിനുള്ളിലേക്ക് കാമറ കടത്തി പരിശോധിച്ചപ്പോൾ അകത്ത് മലിനജലത്തിനുള്ളിൽ ഒരാൾ കിടക്കുന്നതായി കണ്ടു.
കഠിനപ്രയത്നത്തിലൂടെ പുറത്തെത്തിക്കുേമ്പാഴേക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. 10.30ഒാടെ ശുമൈസി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടിയാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
21 വർഷമായി റിയാദിലുള്ള റഷീദ് ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. കുഞ്ഞിമുഹമ്മദാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ: ഹസീന. മക്കൾ: റംസാദ്, റംസീന, റിൻഷിദ, റിൻസ. ശഫീഖ്, ശിഹാബ് എന്നീ രണ്ട് സഹോദരങ്ങൾ റിയാദിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.