പതിനെട്ട് വർഷത്തിന് ശേഷം ജോൺ മടങ്ങിയത് നാലുമാസം പഴകിയ മൃതശരീരമായി
text_fieldsറിയാദ്: പതിനെട്ട് വർഷത്തിന് ശേഷം ജന്മനാട്ടിലേക്ക് ജോൺ മടങ്ങിയത് നാലുമാസം പഴകിയ മൃതശരീരമായി. കോട്ടയം ഇൗരാറ്റുപേട്ട തലപ്പലം സ്വദേശി കല്ലുങ്കൽ ജോൺ ജോൺസെൻറ (65) മൃതദേഹം സൗദി അറേബ്യയിലെ റിയാദ് ആശുപത്രി മോർച്ചറിയിൽ ഇൗ കാലമത്രയും കിടന്നത് ശ്രീകുമാർ എന്ന കൊല്ലം സ്വദേശിയായി. മൂന്ന് സിം കാർഡുണ്ടായിരുന്നത് വേറെ മൂന്ന് മലയാളികളുടെ പേരിൽ.
അടിമുടി ദുരൂഹതകളിലൊളിഞ്ഞുകിടന്ന മൃതദേഹം യഥാർഥത്തിൽ ആരുടേതാണെന്ന് കണ്ടെത്താൻ പരിശ്രമിച്ചത് റിയാദിലെ സാമൂഹിക പ്രവർത്തകർ. അവർ പറയുേമ്പാൾ മാത്രമാണ് നാട്ടിലുള്ള ഭാര്യയും മക്കളും മരണ വിവരം അറിയുന്നത്. തിരിഞ്ഞുനോക്കാനാളില്ലാതെ ഒരു മൃതദേഹം മോർച്ചറിയിൽ കിടക്കുന്ന വിവരം അറിഞ്ഞ് ഇന്ത്യൻ എംബസിയാണ് കെ.എം.സി.സി പ്രവർത്തകരെ ചുമതലയേൽപിച്ചത്. വിവരം കിട്ടിയത് ജൂലൈ 15നാണ്. അന്ന് മുതൽ ഇവർ വിവരങ്ങൾ ശേഖരിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു. മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത റിയാദ് എക്സിറ്റ് 29ലുള്ള തുവൈഖ് പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ലഭിച്ചു. ഏപ്രിൽ ഒമ്പതിനാണ് തുവൈഖിലെ താമസസ്ഥലത്ത് ഇയാളെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഇഖാമയും പാസ്പോർട്ടും അടക്കമുള്ള രേഖകളൊന്നും കാണാത്തതിനാൽ വീട്ടുവാടക കരാറിൽ കണ്ട ശ്രീകുമാർ എന്ന പേരും വിലാസവും പൊലീസ് രേഖപ്പെടുത്തി.
ഒപ്പം കണ്ടെത്തിയ മൂന്ന് സിം കാർഡുകളാവെട്ട വേറെ മൂന്ന് മലയാളികളുടെ പേരിലും. ശ്രീകുമാറിെൻറ വിലാസത്തിൽ അന്വേഷിച്ചപ്പോൾ അയാൾ നാട്ടിൽ ജീവിച്ചിരിക്കുന്നു. മുറി വാടകക്ക് നൽകിയ റിയൽ എസ്റ്റേറ്റ് ഒാഫീസിൽ നിന്നാണ്ഒടുവിൽ യഥാർഥ വിവരങ്ങൾ ലഭിച്ചത്. 30 വർഷം പഴക്കമുള്ള പാസ്പോർട്ടും 2013ൽ നിതാഖാത്തിെൻറ ഇളവുകാലത്ത് എംബസിയിൽ ഒൗട്ട്പാസിന് നൽകാൻ പൂരിപ്പിച്ച അപേക്ഷയും അവിടെ നിന്ന് കിട്ടി. അപേക്ഷയിൽ നാട്ടിലെ ഫോൺ നമ്പറുണ്ടായിരുന്നു. വീട്ടുകാരെ ബന്ധപ്പെടാനും കൂടുതൽ വിവരങ്ങൾ അറിയാനും അത് സഹായിച്ചു.
മണ്ണുമാന്തി യന്ത്രം ഒാപറേറ്ററായിരുന്നു ജോൺ. 30 വർഷം മുമ്പാണ് റിയാദിലെത്തിയത്. 2003ൽ ഇഖാമയുടെ കാലാവധി കഴിഞ്ഞു. പിന്നെ പുതുക്കാനായില്ല. ഒളിച്ചോടിയെന്ന സ്പോൺസറുടെ പരാതിയിൽ ജവാസാത്ത് ‘ഹുറൂബാ’ക്കി. അനധികൃതനായി തന്നെ തുവൈഖിൽ മണ്ണുമാന്തിയന്ത്രം ഒാപ്പറേറ്ററായി തുടർന്നും ജോലി ചെയ്തു. രേഖകളൊന്നുമില്ലാത്തത് കൊണ്ടാവണം പരിചയക്കാരനായ ശ്രീകുമാറിെൻറ ഇഖാമ ഉപയോഗിച്ച് മുറിയെടുത്തത്. വേറെ മലയാളികളുടെ പേരിൽ സിം കാർഡുകൾ എടുത്തതും അതുകൊണ്ടാവും.
2013ൽ നിതാഖാത് ഇളവുകൾ ഉപയോഗിച്ച് നാട്ടിൽ പോകാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അടുത്ത പൊതുമാപ്പ് എത്തിയപ്പോഴേക്കും മരണം തട്ടിയെടുത്തു. മൃതദേഹത്തിെൻറ ഫോേട്ടാ കണ്ടാണ് വീട്ടുകാർ ആളെ സ്ഥിരീകരിച്ചത്. പിന്നീടെല്ലാം എളുപ്പത്തിലായി. എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്ച വൈകീട്ട് 3.45ന് റിയാദിൽ നിന്ന് കൊണ്ടുപോയ മൃതദേഹം രാത്രി 11ഒാടെ കൊച്ചിയിൽ വീട്ടുകാർ ഏറ്റുവാങ്ങി. നാട്ടിൽ പോകാൻ കഴിയാതായതോടെ ജോണിന് വീടുമായി നിരന്തര ബന്ധമില്ലായിരുന്നത്രെ. വല്ലപ്പോഴോ മക്കളെ മാത്രം വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. രണ്ട് പെൺമക്കളാണുള്ളത്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.