സൗദിയിൽ ഈ വർഷം വേനൽ കനക്കുമെന്ന് നിരീക്ഷണം; ശനിയാഴ്ച മുതൽ വേനലിനു തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം
text_fieldsയാംബു: സൗദിയിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള പ്രദേശങ്ങളിൽ ഈ വർഷത്തെ വേനൽക്കാലം ജൂൺ ഒന്നിനു ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരാനിരിക്കുന്ന വേനൽ നാളുകൾ കടുത്ത ചൂടുള്ള അവസ്ഥയിലേക്ക് പ്രാരംഭ സൂചന നൽകുന്നതായി കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ താപനില വരും നാളുകളിൽ ഉയരുമെന്നും വേനൽക്കാലത്ത് സാധാരണ ലഭിക്കാറുള്ള ശരാശരി മഴ രാജ്യത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ മഴയും മണൽക്കാറ്റും ചിലയിടങ്ങളിൽ കടുത്ത ഉഷ്ണവും അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ദൃശ്യമായിരുന്നു.
വേനൽക്കാലത്ത് പ്രകടമാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാനും സമയാസമയങ്ങളിൽ അവ വ്യക്തമാക്കാനും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും നൂതന ഉപകരണങ്ങളും ദേശീയ കാലാവസ്ഥ കേന്ദ്രം ഉപയോഗപ്പെടുത്തുന്നതായി കേന്ദ്ര വക്താവ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ റഡാറുകൾ, ഉപഗ്രഹ സംവിധാനങ്ങൾ, ആധുനിക രീതിയിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും ആധുനിക കാലാവസ്ഥാ നടപടികളെയും സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും അവലംഭിക്കുന്നതായി കേന്ദ്രവക്താവ് വ്യക്തമാക്കി.
കാലാവസ്ഥ പ്രവചനങ്ങളിൽ പരമാവധി കൃത്യത ഉറപ്പുവരുത്താനും രാജ്യത്തെ താമസക്കാർക്ക് സേവനം നൽകാനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് പറഞ്ഞു. വേനൽ ക്കാലത്ത് പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികൾക്കിടയിൽ കൃത്യമായ ഏകോപനം നടക്കുന്നുവെന്നും ആവശ്യമായ സന്ദർഭങ്ങളിൽ ബന്ധപ്പെട്ടവർ നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ കർശനമായ ജാഗ്രത കൈക്കൊള്ളാനും ശ്രദ്ധിക്കുന്നുണ്ടെന്നും കേന്ദ്ര വക്താവ് മുന്നറിയിപ്പു നൽകി. ഉയർന്ന താപനില പ്രകടമാകുന്ന സന്ദർഭത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതിൽ തൊഴിലുടമയും തൊഴിലാളികളും ശ്രദ്ധിക്കുന്നത് ഉറപ്പു വരുത്താനുള്ള സംവിധാനങ്ങളും കൈക്കൊള്ളുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ചൂട് കണക്കിലെടുത്ത് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സൗദിയിലും പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. പകൽ നിശ്ചിത സമയം പുറത്ത് ജോലി ചെയ്യിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പ് യഥാസമയം പ്രഖ്യാപിക്കും.
സൗദിയിലെ വിവിധ മേഖലകളിൽ ഇതിനകം താപനില വർധിച്ചുവരുന്ന കാലാവസ്ഥ മാറ്റമാണ് നിലവിൽ പ്രകടമാകുന്നത്. വേനലിലേക്ക് പ്രവേശിക്കും മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസ് പിന്നിട്ടതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. റിയാദ്, മക്ക, അൽ ഹസ്സ, ദമ്മാം, ഹഫർ ബാതിൻ, വാദി ദവാസിർ തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ആഴ്ചതന്നെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിലെത്തിയിരുന്നു. സൗദിയിലെ ചില പ്രദേശങ്ങളിൽ വേനൽ കാലത്ത് 46 ഡിഗ്രി സെൽഷസിനു മുകളിലെത്തുമെന്ന പ്രവചനവും കാലാവസ്ഥ കേന്ദ്രം പ്രകടിപ്പിക്കുന്നു. രാജ്യത്ത് ഉഷ്ണം കൂടുന്നതോടെ വാഹനങ്ങൾ അമിതമായി ചൂടായി നിശ്ചല മാകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. താപനില ഉയരുന്നതിന നുസരിച്ച് വാഹനങ്ങളിലെ സാങ്കേതികത്തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൃത്യമായ വേളകളിൽ വാഹനങ്ങളുടെ അറ്റകുറ്റ പ്പണി നടത്തണമെന്നും പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഇന്ധനം, വാതകങ്ങൾ തുടങ്ങി അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.