ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം ഉറപ്പിച്ച് ഒ.ഐ.സി
text_fieldsജിദ്ദ: തങ്ങളുടെ അവകാശങ്ങൾക്കും ജറുസലേം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രത്തിനും വേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം ഉറപ്പിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) എക്സിക്യൂട്ടിവ് കമ്മിറ്റി. ജിദ്ദയിൽ ചേർന്ന ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ എക്സിക്യൂട്ടിവ് യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നത്.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന കുറ്റകൃത്യങ്ങളുടെയും ഇറാന്റെ പരമാധികാരത്തിനെതിരായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അസാധാരണ യോഗം വിളിച്ചത്. ഫലസ്തീൻ നേതാക്കളെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ യോഗം ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ കുടിയേറ്റം കൂടിവരുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ഫലസ്തീൻ ജനതയോടും നിയമാനുസൃതമായ ദേശീയ അവകാശങ്ങൾ സാക്ഷാത്കരിക്കാനുള്ള ന്യായമായ പോരാട്ടത്തിലേർപ്പെട്ട അവരുടെ നേതൃത്വത്തോടും ഉറച്ച ഐക്യദാർഢ്യം ആവർത്തിച്ചു. ജറൂസലം ഉൾപ്പെടെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ തുടരുന്ന യുദ്ധക്കുറ്റങ്ങളെയും ആക്രമണങ്ങളെയും വംശഹത്യയെയും അപലപിച്ചു.
10 മാസത്തിനുള്ളിൽ 1,40,000ത്തിലധികം ഫലസ്തീൻ പൗരന്മാരെയാണ് നരകീയയാതനയിലേക്ക് തള്ളിവിട്ടത്. അതിൽ അര ലക്ഷത്തിലേറെ പേരാണ് മരിച്ചത്. ബാക്കിയുള്ളവർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. സുപ്രധാന സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചു. ആശുപത്രികൾ പോലും തകർത്തു. അഭയാർഥി ക്യാമ്പുകൾക്ക് നേരെ പോലും ആക്രമണങ്ങളുണ്ടായി. 20 ലക്ഷത്തിലധികം ഫലസ്തീനികളെ അവരുടെ വീടുകളിൽനിന്ന് പുറത്താക്കി. ഈവിധം തുടരുന്ന ക്രൂരമായ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം. ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാനോ പുറത്താക്കാനോ ബലപ്രയോഗത്തിലൂടെ കൈമാറ്റം ചെയ്യാനോ ഉള്ള ഏതൊരു ശ്രമത്തെയും തള്ളിക്കളയുകയും തടയുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി.
ഹനിയ്യയുടെ വധം അപലപനീയം
ടെഹ്റാനിൽ ഫലസ്തീൻ മുൻ പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിനെ ശക്തമായി അപലപിച്ചു. ഈ പാപകരമായ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനാണ്. ഈ കുറ്റകൃത്യം അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ കരാറുകളുടെയും നഗ്നമായ ലംഘനമാണ്. ഇറാന്റെ പരമാധികാരം, പ്രാദേശിക സമഗ്രത, ദേശീയ സുരക്ഷ എന്നിവക്കെതിരായ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവും ഗുരുതരമായ ആക്രമണവുമാണ്.
ഇസ്രായേലിന്റെ തുടർച്ചയായ കുറ്റകൃത്യങ്ങൾ മേഖലയിലെ സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്തുകയാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്ത ചട്ടക്കൂടിനുള്ളിൽ നിന്ന് യു.എൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം.
വർധിച്ചുവരുന്ന ഇസ്രായേലി കുടിയേറ്റം, അധിനിവേശ ഫലസ്തീൻ പ്രദേശം പിടിച്ചടക്കുന്നതിന്റെ അപകടം, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശ സൈന്യവും കുടിയേറ്റ തീവ്രവാദ സായുധസംഘങ്ങളും നടത്തുന്ന ദൈനംദിന ആക്രമണങ്ങളും കുറ്റകൃത്യങ്ങളം എന്നിവ സംബന്ധിച്ച് യോഗം മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേലിന്റെ ക്രൂരമായ കുറ്റകൃത്യങ്ങളുടെയും അഭൂതപൂർവമായ ലംഘനങ്ങളുടെയും തുടർച്ചയിലും തീവ്രതയിലും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
തടവുകാരുടെ മനുഷ്യാവകാശം പ്രധാനം
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, രാജ്യാന്തര കരാറുകൾ, പ്രസക്തമായ ഐക്യരാഷ്ട്ര പ്രമേയങ്ങൾ എന്നിവക്കനുസൃതമായി ഫലസ്തീൻ തടവുകാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് യോഗം ഊന്നിപ്പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ തള്ളുന്നതും ഫലസ്തീന് വേണ്ടിയുള്ള യു.എൻ റിലീഫ് ഏജൻസിയെ (യു.എൻ.ആർ.ഡബ്ല്യു.എ) തീവ്രവാദ സംഘടനയാക്കുന്നതും ഉൾപ്പെടെ ഇസ്രായേൽ സ്വീകരിച്ച നിയമവിരുദ്ധമായ നിലപാടുകളെ അപലപിക്കുന്നു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഉടനടി സമഗ്രമായ വിരാമമിടാനും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും മതിയായതും സുസ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കാനും ജനങ്ങൾക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും യു.എൻ രക്ഷാസമിതി ഉത്തരവാദിത്തം ഏറ്റെടുക്കണം.
ഫലസ്തീനെതിരായ കുറ്റകൃത്യങ്ങൾ തുടരുന്നതിൽനിന്ന് ഇസ്രായേലിനെ തടയണം. ഐക്യരാഷ്ട്ര പ്രമേയങ്ങളെ ബഹുമാനിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. വംശഹത്യ എന്ന കുറ്റകൃത്യത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച മുൻകരുതൽ ഉത്തരവുകളും നടപ്പിൽ വരുത്തണം. ഇക്കാര്യങ്ങളിൽ ലോകത്തെ എല്ലാ രാജ്യങ്ങളും അവരുടെ കടമ നിറവേറ്റണം.
അംഗരാജ്യങ്ങൾ ഐക്യപ്പെടണം
മേഖലയിലെ സംഘർഷം വളർത്തുകയും സമാധാനവും സുരക്ഷയും അപകടത്തിലാക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ നിയമവിരുദ്ധതക്കെതിരെ ഐക്യത്തോടെ നിലകൊള്ളാൻ എല്ലാ അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നതായി ഒ.ഐ.സി പ്രസ്താവനയിൽ പറഞ്ഞു. അൽഅഖ്സ മസ്ജിദിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നു. പുണ്യസ്ഥലങ്ങളുടെയും പുണ്യഗേഹങ്ങളുടെയും നിലവിലുള്ള നിയമപരവും ചരിത്രപരവുമായ പദവിയെ മാനിക്കണം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങളും യു.എൻ കരാറിന്റെയും പ്രമേയങ്ങളുടെയും ഉദ്ദേശ്യലക്ഷ്യങ്ങൾ പാലിക്കാനും ഇസ്രായേലിന് ഏതെങ്കിലും തരത്തിലുള്ള സഹായമോ സഹകരണമോ പിന്തുണയോ നൽകരുതെന്നും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്നു.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ സംഘടനയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) പദവിയും പങ്കും തകർക്കുന്നതിനുള്ള ഇസ്രായേൽ അധിനിവേശ നടപടികളെ ശക്തമായി അപലപിക്കുന്നു. യു.എൻ.ആർ.ഡബ്ല്യു.എ ഉത്തരവാദിത്തം തുടർന്നും പുലർത്തണം. ഫലസ്തീൻ ജനതക്കെതിരായ ക്രൂരമായ ഇസ്രായേൽ ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത അറബ്-ഇസ്ലാമിക് മന്ത്രിതല സംഘം അന്താരാഷ്ട്ര വേദികളിൽ നടത്തുന്ന ഇടപെടലുകൾ തുടരണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.