ദാരിദ്ര്യനിർമാർജനം ത്വരിതപ്പെടുത്തുന്നതിന് കൂട്ടായ സഹകരണത്തിന് ഒ.ഐ.സി ആഹ്വാനം
text_fieldsജിദ്ദ: അംഗരാജ്യങ്ങളിൽ ദാരിദ്ര്യനിർമാർജനം ത്വരിതപ്പെടുത്തുന്നതിന് വേണ്ട പദ്ധതികൾ ആവിഷ്കരിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ (ഒ.ഐ.സി) ആഹ്വാനം ചെയ്തു.
തുർക്കിയയിലെ അങ്കാറയിൽ മേയ് 23, 24 തീയതികളിൽ നടന്ന അംഗരാജ്യങ്ങളിലെ സാമ്പത്തിക വാണിജ്യ സഹകരണത്തിനുള്ള സംയുക്ത സമ്മേളനത്തിന്റെ തുടർച്ചയായി നടന്ന ‘ഫോളോ അപ് കമ്മിറ്റി’ യോഗത്തിലാണ് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസ്സൈൻ ഇബ്രാഹിം താഹ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജനം ഫലപ്രാപ്തിയിലെത്താൻ എല്ലാ അംഗരാജ്യങ്ങളുടെയും യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണ്. ഓരോ രാജ്യവും ഈ മേഖലയിൽ ചെയ്ത നല്ല പരിഷ്കാരങ്ങൾ പങ്കുവെക്കാനും പുതിയ അനുഭവങ്ങൾ പരസ്പരം കൈമാറാനും ശ്രമങ്ങൾ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2023 ഒക്ടോബർ ഒന്നു മുതൽ രണ്ടു വരെ ഖത്തറിലെ ദോഹയിൽ നടക്കുന്ന ഭക്ഷ്യസുരക്ഷയും കാർഷിക വികസനവും സംബന്ധിച്ച ഒമ്പതാമത് ഒ.ഐ.സി മന്ത്രിതല സമ്മേളനത്തിൽ സജീവമായി പങ്കെടുക്കാൻ അംഗരാജ്യങ്ങളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ അഭ്യർഥിച്ചു. കോവിഡ് മഹാമാരി മൂലം ഓരോ രാജ്യത്തിനുമുണ്ടായ ആഘാതം ലഘൂകരിക്കാനും കാർഷിക, ഭക്ഷ്യസുരക്ഷ മേഖലകളുടെ വീണ്ടെടുക്കൽ പ്രക്രിയ വേഗത്തിലാക്കാനും ശ്രമങ്ങൾ നടക്കണം.
വ്യാപാരം, നിക്ഷേപം, കൃഷി, വിനോദസഞ്ചാരം, സാമ്പത്തിക വികസനം, സ്വകാര്യ മേഖല, ദാരിദ്ര്യനിർമാർജനം എന്നീ മേഖലകളിൽ ഒ.ഐ.സിക്ക് കീഴിലുള്ള രാജ്യങ്ങൾ നടത്തുന്ന പദ്ധതികളുടെ അവലോകനവും സ്ഥിതിവിവരണവും യോഗത്തിൽ നടന്നു. സാമ്പത്തിക, വ്യാപാര വികസന മേഖലയിലെ കൂട്ടായ ചർച്ചകൾ നടത്താൻ അംഗരാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന 39ാമത് ഒ.ഐ.സി സമ്മേളനം 2023 ഡിസംബർ രണ്ടു മുതൽ അഞ്ചുവരെ ഇസ്തംബൂളിൽ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.