ഫലസ്തീൻ അവകാശ പോരാട്ടത്തിന് സമ്പൂർണ പ്രതിബദ്ധതയും പിന്തുണയും - ഒ.ഐ.സി സെക്രട്ടറി ജനറൽ
text_fieldsജിദ്ദ: പരമാധികാരത്തിനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് സമ്പൂർണ പ്രതിബദ്ധതയും അചഞ്ചലമായ പിന്തുണയുമുണ്ടാകുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ പറഞ്ഞു. അൽഅഖ്സ പള്ളിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജിദ്ദയിൽ ഒ.ഐ.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത സ്ഥിരം പ്രതിനിധി യോഗത്തിന്റെ ഉദ്ഘാടന സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അൽഅഖ്സ പള്ളിയുടെ താൽക്കാലികവും സ്ഥലപരവുമായ വിഭജനം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ അധിനിവേശ ശ്രമങ്ങളെ ഒ.ഐ.സി നിരസിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് നിരവധി അന്താരാഷ്ട്ര നേതാക്കൾക്കും സംഘടനകൾക്കും കത്തുകൾ അയച്ചിട്ടുണ്ട്. വിശുദ്ധ സ്ഥലങ്ങൾക്കെതിരായ ഇസ്രായേൽ ലംഘനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംഘടനകളോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ടതായും ഒ.ഐ.സി. സെക്രട്ടറി ജനറൽ പറഞ്ഞു.
ഖുദ്സ് നഗരത്തെയും അവിടത്തെ പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കുന്നതിനും യഹൂദവത്കരിക്കുന്നതിനുമുള്ള ഇസ്രായേൽ പദ്ധതികളെ നേരിടാനും ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എന്നത്തേക്കാളും കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ ശ്രമങ്ങളെ അണിനിരത്തേതുണ്ട്. ഫലസ്തീൻ ജനതക്ക് വേണ്ട പിന്തുണയും സഹായവും നൽകേണ്ടതുണ്ട്. ഇസ്രായേലിനെതിരെ ഉചിതമായ രാഷ്ട്രീയവും നിയമപരവുമായ നടപടികൾ സ്വീകരിക്കാനും ഫലസ്തീൻ ജനതക്കും അവരുടെ വിശുദ്ധ സ്ഥലങ്ങൾക്കുമെതിരായ ലംഘനങ്ങൾ അവസാനിപ്പിക്കാനും ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മേലിൽ ആശയവിനിമയം നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യേണ്ടതുണ്ട്.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും യു.എൻ പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്കും അനുസൃതമായി സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാക്കുന്നതിനും എല്ലാ അന്താരാഷ്ട്ര വിഭാഗങ്ങളും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്നും ഒ.ഐ.സി. സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി ഉത്തരവാദിയാക്കുന്നതിൽ ഫലപ്രദമായ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തിരമായി ആവശ്യപ്പെടുന്നുവെന്ന് ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സ്വാലിഹ് ബിൻ ഹമദ് അൽസുഹൈബാനി പറഞ്ഞു. ഇസ്രായേലിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങൾ മേഖലയിൽ സംഘർഷത്തിനിടയാക്കും. അൽഅഖ്സ പള്ളിക്കും ആരാധനക്കെത്തിയവർക്കുമെതിരെയുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്.
ഫലസ്തീൻ പ്രശ്നം ഒന്നാമത്തെ പ്രശ്നമായാണ് സൗദി അറേബ്യ കാണുന്നതെന്നും അവർക്ക് നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ലഭിക്കാൻ അവരോടൊപ്പം നിൽക്കുമെന്നും അതിൽ പ്രധാനം സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കലാണെന്നും ദഹ്റാനിൽ നടന്ന 19ാമത് അറബ് ഉച്ചകോടിയിൽ സൽമാൻ രാജാവ് പറഞ്ഞ വാക്കുകൾ സൗദി പ്രതിനിധി പ്രസംഗത്തിടെ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.