അൽഅഖ്സ പൂർണമായും മുസ്ലിംകളുടെ ആരാധനാലയം -ഒ.ഐ.സി
text_fieldsജിദ്ദ: അൽഅഖ്സ പൂർണമായും മുസ്ലിംകളുടെ ആരാധനാലയമാണെന്ന് മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വ്യക്തമാക്കി. തുടർച്ചയായി ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെയും അൽഅഖ്സ പള്ളിയുടെ മേലുള്ള അനധികൃത കൈയേറ്റങ്ങളുടെയും പശ്ചാത്തലത്തിൽ ശനിയാഴ്ച ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് നടന്ന അസാധാരണ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അൽഅഖ്സ പള്ളിയുടെ അസ്തിത്വം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ഇസ്രായേലി അധിനിവേശ നയങ്ങളെയും നടപടികളെയും ആവർത്തിച്ച് നിരസിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം താഹ പറഞ്ഞു. ഖുദ്സ് അധിനിവേശ ഫലസ്തീൻ പ്രദേശത്തിൽനിന്ന് വേർപെടുത്താൻ പറ്റാത്ത അവിഭാജ്യഘടകമാണ്. ഫലസ്തീനിന്റെ തലസ്ഥാനമാണ്. അൽഅഖ്സ പള്ളി മൊത്തത്തിൽ മുസ്ലിംകൾക്ക് മാത്രമുള്ള വിശുദ്ധമായ ആരാധനാലയമാണെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
യോഗത്തിനു മുമ്പുള്ള തന്റെ പ്രസംഗത്തിൽ അൽഅഖ്സയിലെ സംഭവങ്ങളുടെ ഗതിയെക്കുറിച്ചുള്ള ഒ.ഐ.സി നിലപാട് സെക്രട്ടറി ജനറൽ ആവർത്തിച്ചു. തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളുടെയും അൽഅഖ്സ പള്ളിയുടെ മേലുള്ള അനധികൃത കൈയേറ്റങ്ങളുടെയും സമയത്താണ് ഇങ്ങനെയൊരു യോഗം വിളിച്ചുകൂട്ടിയത്. അധിനിവേശ സേനയിലൂടെയും തീവ്രവാദികളായ കുടിയേറ്റക്കാരിലൂടെയും അൽഅഖ്സ പള്ളിയിൽ അതിക്രമിച്ചുകയറിയ ഇസ്രായേൽ നഗ്നമായ ലംഘനങ്ങളും ആക്രമണങ്ങളുമാണ് തുടരുന്നത്. പള്ളിയുടെ മുറ്റത്തുവെച്ച് ആരാധകർക്കുനേരെ ക്രൂരമായ ആക്രമണം നടത്തുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വിശുദ്ധ സ്ഥലങ്ങളുടെയും ആരാധന സ്വാതന്ത്ര്യത്തിന്റെയും ജനീവ കൺവെൻഷന്റെയും ഐക്യരാഷ്ട്ര പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു. ഖുദ്സിലെ ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളുടെ പ്രത്യേകിച്ച് അൽഅഖ്സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ശ്രമത്തിനെതിരെ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. ഈ ഗുരുതരമായ കുറ്റകൃത്യങ്ങളുടെയും ലംഘനങ്ങളുടെയും അനന്തരഫലങ്ങൾക്ക് ഇസ്രായേൽ അധിനിവേശം പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഇത് അക്രമത്തിനും സംഘർഷത്തിനും ആക്കം കൂട്ടുകയും മേഖലയിലെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുകയും ചെയ്യുമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.