ഒ.െഎ.സി കൂട്ടായ്മ :വിദേശകാര്യമന്ത്രിമാരുടെ യോഗം ചേർന്നു
text_fieldsജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി വിദേശകാര്യ മന്ത്രിതല നിർവാഹക സമിതി യോഗം വെർച്വൽ സംവിധാനത്തിൽ ചേർന്നു. കോവിഡ് വ്യാപനം തടയാൻ മക്ക, മദീന ഹറമുകളിൽ സ്വീകരിച്ച മുൻകരുതലുകളും ഉംറ തീർഥാടനം നിർത്തിവെച്ചതുമുൾപ്പെടെ ഇതുവരെ സ്വീകരിച്ച മുഴുവൻ നടപടികൾക്കും യോഗം പിന്തുണ അറിയിച്ചു. കോവിഡിനെ തുടർന്നു ആഗോളതലത്തിൽ പ്രത്യേകിച്ച് ഒ.െഎ.സി അംഗരാജ്യങ്ങളിൽ തുടരുന്ന പ്രതിസന്ധികളും ആശങ്കകളും അവ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും യോഗം ചർച്ചചെയ്തു.
കോവിഡ് എന്ന മഹമാരി ഒ.െഎ.സി അംഗ രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിനുതന്നെ വലിയ ഭീഷണിയായിരിക്കുകയാണ്. ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിലൂന്നി അടിയന്തരവും നിർണായകവുമായ നടപടികൾ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പകർച്ചവ്യാധി തടയുന്നതിനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്ക് സഹായം നൽകുന്നതിനും ഒ.െഎ.സി വലിയ മുൻഗണന നൽകും. കോവിഡ് എന്ന ആഗോള ഭീഷണി നേരിടാൻ ഒറ്റക്കെട്ടായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത യോഗം ഉൗന്നിപ്പറഞ്ഞു. കോവിഡ് വ്യാപനം തടയാൻ അംഗരാജ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും പ്രതിസന്ധി ലഘൂകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
പ്രതിസന്ധി ഘട്ടത്തിൽ മഹാമാരി നിർമാർജനം ചെയ്യാൻ യത്നിക്കുന്ന ആരോഗ്യപ്രവർത്തർക്ക് നന്ദിയും പിന്തുണയും അറിയിക്കുന്നതായി യോഗം അറിയിച്ചു. കോവിഡ് ഉയർത്തുന്ന വിനാശത്തെയും വെല്ലുവിളികളെയും നേരിടാൻ ഒരു രാജ്യത്തിന് മാത്രം കഴിയില്ലെന്ന് തിരിച്ചറിവുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കും മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ വസ്തുക്കൾ, ചികിത്സ ഉപകരണങ്ങൾ എത്തിക്കുന്നതിനും ലോകാരോഗ്യ സംഘടനക്ക് മുഴുവൻ പിന്തുണയും സഹായവുമുണ്ടാകുമെന്നും യോഗം അറിയിച്ചു. ഇൗ രംഗത്ത് ആഗോള ശ്രമങ്ങൾ ശക്തമാക്കേണ്ടതിെൻറ ആവശ്യം തിരിച്ചറിയുന്നുവെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.