ഖുർആൻ കോപ്പി കത്തിക്കൽ; കർശന ശിക്ഷാനടപടി വേണം -ഒ.ഐ.സി സെക്രട്ടറി ജനറൽ
text_fieldsജിദ്ദ: തീവ്ര വലതുപക്ഷത്തിെൻറ പ്രകോപനപരമായ നടപടികളിലും ഖുർആെൻറ കോപ്പികൾ കത്തിക്കുന്നതിലും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) അമർഷം പ്രകടിപ്പിച്ചു. ബന്ധപ്പെട്ട സർക്കാറുകളോട് ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു.
സ്വീഡനിലും നെതർലൻഡ്സിലും ഡെന്മാർക്കിലും ഖുർആെൻറ പകർപ്പുകൾ കത്തിച്ചതുമായി ബന്ധപ്പെട്ടും നിന്ദ്യമായ ലംഘനങ്ങളിലൂടെ ഇസ്ലാമോഫോബിയ വളർത്തുന്നവർക്കുമെതിരെ സംഘടനയുടെ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അസാധാരണവും അടിയന്തരവുമായ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. മുസ്ലിംകളെ ലക്ഷ്യമാക്കി അവരുടെ യഥാർഥ മതത്തെയും മൂല്യങ്ങളെയും വിശുദ്ധ ചിഹ്നങ്ങളെയും അവഹേളിക്കാൻ മനഃപൂർവം ചെയ്യുന്ന ക്രിമിനൽ പ്രവൃത്തികളാണ് ഇവയെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ അഭിപ്രായപ്പെട്ടു.
സ്വന്തം രാജ്യങ്ങളിൽ വലതുപക്ഷ തീവ്രവാദികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ബന്ധപ്പെട്ട സർക്കാറുകൾ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖുർആൻ കത്തിക്കുകയും മുസ്ലിം ആരാധനാലയങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബോധപൂർവമായ പ്രവൃത്തികളെ കേവലം ഇസ്ലാമോഫോബിയ സംഭവങ്ങളായി കാണരുതെന്നും മറിച്ച് ഇത് 160 കോടി വരുന്ന ലോക മുസ്ലിംകൾക്ക് നേരിട്ടുള്ള അപമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം പ്രകോപനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളോടും കക്ഷികളോടും ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.