റോഹിങ്ക്യൻ ജനതയെ പിന്തുണക്കണമെന്ന് ഒ.ഐ.സി
text_fieldsറിയാദ്: റോഹിങ്ക്യൻ ജനതക്ക് പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ജിദ്ദയിൽ ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) വാർഷിക എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. അഞ്ച് വർഷമായി തങ്ങളുടെ രാജ്യത്ത് കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് സംരക്ഷണവും സഹായവും നൽകുന്ന ബംഗ്ലാദേശ് ഭരണകൂടത്തെയും അവിടത്തെ പൗരസമൂഹത്തെയും യോഗം ശ്ലാഘിച്ചു. മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് റോഹിങ്ക്യൻ മുസ്ലിംകളുടെയും മറ്റു ചില സമുദായങ്ങളുടെയും വൻതോതിലുള്ള അഭയാർഥി പ്രവാഹം ആരംഭിച്ചിട്ട് 25 വർഷം തികയുന്നു.
അഭയാർഥികൾക്ക് ഒ.ഐ.സി അംഗരാജ്യങ്ങളിൽനിന്നുൾപ്പെടെ ഇതുവരെ ലഭിച്ച അന്താരാഷ്ട്ര പിന്തുണക്ക് ഒ.ഐ.സി നന്ദി അറിയിച്ചു. 2017ൽ മ്യാന്മർ സൈന്യം റാഖൈൻ സ്റ്റേറ്റിന്റെ വടക്കൻ ഭാഗത്ത് റോഹിങ്ക്യൻ ജനതക്കെതിരെ നടന്ന അക്രമങ്ങൾ സമാധാനകാംക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് അവിടെ അരങ്ങേറിയത്. ലക്ഷക്കണക്കിന് ആളുകളുടെ ലക്ഷ്യമില്ലാത്ത പലായനത്തിന് ഇതിടയാക്കി.
അഞ്ച് വർഷത്തിന് ശേഷവും റാഖൈൻ സംസ്ഥാനത്തെ റോഹിങ്ക്യകൾക്ക് സഞ്ചാരസ്വാതന്ത്ര്യം, മതിയായ ഭക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ലഭിക്കുന്നില്ല. റോഹിങ്ക്യകൾക്കെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യപ്പെടണമെന്ന ആവശ്യത്തിൽ ഒ.ഐ.സി ഉറച്ചു നിൽക്കുന്നു. റോഹിങ്ക്യൻ ജനതക്കുള്ള പിന്തുണ തുടരും. ഇപ്പോഴും ദുരവസ്ഥയിൽ തുടരുന്ന അവരോടൊപ്പം ഉറച്ചുനിൽക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് യോഗം ആഹ്വാനം ചെയ്തു. പൂർണ പൗരത്വത്തിനുള്ള അവകാശം നേടുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരേണ്ടതുണ്ട്. റോഹിങ്ക്യൻ അഭയാർഥികൾ അടക്കം കുടിയിറക്കപ്പെട്ടവർക്കെല്ലാം മാന്യവും സുസ്ഥിരവുമായ തിരിച്ചുപോക്ക് സാധ്യമാകണം.
കുടിയിറക്കൽ വിഷയത്തിൽ മ്യാന്മർ ഭരണകൂടത്തിന്റെ പ്രാഥമിക വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സമീപകാല വിധി റോഹിങ്ക്യൻ ജനതക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും അവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായകമാകും. ഫലപ്രദമായ അന്താരാഷ്ട്ര ഇടപെടലുകൾക്ക് വിധി അവസരമൊരുക്കുമെന്നും ഒ.ഐ.സി പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.