മതവിദ്വേഷത്തിനെതിരെ യു.എൻ പ്രമേയം സ്വാഗതംചെയ്ത് ഒ.ഐ.സി
text_fieldsജിദ്ദ: വിവേചനത്തിനും ശത്രുതക്കും അക്രമത്തിനും പ്രേരണനൽകുന്ന മതവിദ്വേഷത്തെ ചെറുക്കാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ അംഗീകരിച്ച കരട് പ്രമേയത്തെ സ്വാഗതംചെയ്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ അഭിപ്രായപ്പെട്ടു.
വിശുദ്ധഗ്രന്ഥങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനെയും മതപരമായ അസഹിഷ്ണുത സൃഷ്ടിക്കുന്നതിനെയും ചെറുക്കുന്ന ഉറച്ച തീരുമാനമാണിത്. ജനീവ മനുഷ്യാവകാശ കൗൺസിലിെൻറ 53ാം സെഷനിൽ അടിയന്തര ചർച്ചയെ തുടർന്നാണ് കരട് പ്രമേയം അംഗീകരിച്ചത്. ഒ.ഐ.സിക്ക് കീഴിലെ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരമാണിത്. ചില യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ഖുർആെന അവഹേളിക്കുന്ന നടപടികൾ നിരന്തരമുണ്ടാവുകയാണ്.
പ്രകോപനപരമായ ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് പ്രമേയം. ഖുർആെൻറ പകർപ്പുകൾ കത്തിച്ച് അവഹേളിക്കുന്ന ബോധപൂർവമുള്ള പ്രവൃത്തികൾ അടുത്തിടെ പെരുകി. അതിനെ പ്രമേയം അപലപിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് അനുസൃതമായി മതവിദ്വേഷമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം.
മതവിദ്വേഷത്തിെൻറ വക്താക്കൾക്കെതിരെ ശബ്ദമുയർത്താൻ യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണറോട് പ്രമേയം ആവശ്യപ്പെടുന്നു. മതവിദ്വേഷത്തിെൻറ ഉദ്ദേശ്യങ്ങളും പ്രകടനങ്ങളും തിരിച്ചറിയാനും നിയമങ്ങളിലും നയങ്ങളിലും സമ്പ്രദായങ്ങളിലുമുള്ള വിടവുകൾ തിരിച്ചറിയാനും മനുഷ്യാവകാശ കൗൺസിലിനോട് അത് അഭ്യർഥിക്കുന്നു.
പ്രത്യക്ഷവും ആസൂത്രിതവുമായ പ്രവൃത്തികൾ തടയുന്നതിനും വിചാരണ ചെയ്യുന്നതിനും ആവശ്യമായ നിയമങ്ങൾ നടപ്പാക്കുക, മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും പൂർണ ആസ്വാദനത്തെ തടസ്സപ്പെടുത്തുന്ന മതവിദ്വേഷ പ്രവർത്തനങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉണ്ടാകുക എന്നിവ പ്രമേയം മുന്നോട്ടുവെക്കുന്ന നിർദേശങ്ങളാണ്.
മതവിദ്വേഷ പ്രവൃത്തികൾ തടയുന്നതിനും അതിനെതിരെ പോരാടുന്നതിനും ദേശീയ നിയമങ്ങളും നയങ്ങളും സ്വീകരിക്കാൻ പ്രമേയം രാജ്യങ്ങളോട് ആവശ്യപ്പെടുകയാണെന്നും ഒ.െഎ.സി പ്രസ്താവനയിൽ പറഞ്ഞു.മനുഷ്യാവകാശ കൗൺസിൽ ഈ ചരിത്രപരമായ പ്രമേയം അംഗീകരിക്കുന്നത് മതവിദ്വേഷവും ആക്രമണങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും പ്രസംഗങ്ങളും തടയാനുള്ള കൂട്ടായ ശ്രമങ്ങളിൽ ഒരു പുതിയ യുഗം തുറക്കുമെന്ന് ഒ.ഐ.സി വിശ്വസിക്കുന്നു.
കരട് പ്രമേയത്തിന് സഹകരിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാ രാജ്യങ്ങളെയും സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ അഭിനന്ദിച്ചു. ഈ വിഷയത്തിൽ ഒ.ഐ.സി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ വിഷയം ചർച്ച ചെയ്യുന്നതിലേക്കും പ്രമേയം അംഗീകരിക്കുന്നതിലേക്കും നയിച്ചത്.
വിവേചനം, അസഹിഷ്ണുത, വിദ്വേഷം വളർത്തൽ എന്നിവക്കെതിരെ ഉറച്ചുനിൽക്കാനും സഹിഷ്ണുതയുടെ മൂല്യങ്ങളും ജനങ്ങൾക്കും നാഗരികതകൾക്കുമിടയിൽ സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിക്കാൻ ഐക്യപ്പെടാനും അന്താരാഷ്ട്ര സമൂഹത്തോട് ഒ.െഎ.സി വീണ്ടും ആവശ്യപ്പെടുകയാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.