ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി ഒ.ഐ.സി.സി
text_fieldsറിയാദ്: നഷ്ടപരിഹാരത്തിന് നാലാണ്ടായി കാത്തിരിക്കുന്ന ദുരിതത്തിലായ തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുമായി റിയാദ് ഒ.ഐ.സി.സി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ റിയാദ് സെൻട്രൽ കമ്മിറ്റി ലേബർ ക്യാമ്പുകളിൽ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനാഇയ്യയിലെ ഒരു ഫർണിച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണത്തിനെത്തിച്ചത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽനിന്ന് നൂറു കണക്കിന് ജോലിക്കാരാണ് ഇപ്പോഴും ക്യാമ്പിൽ ദുരിതപൂർണമായ ജീവിതം നയിക്കുന്നത്.
നല്ല നിലയിൽ പ്രവർത്തിച്ച കമ്പനി, വർഷങ്ങൾക്കു മുമ്പ് നഷ്ടത്തിലാവുകയും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറു കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടമാവുകയും മാസങ്ങളോളം ശമ്പളമടക്കം മുടങ്ങുകയും ചെയ്തതോടെയാണ് തൊഴിലാളികൾ കേസുമായി കോടതിയെ സമീപിക്കുന്നത്. എന്നാൽ കോടതിയിൽനിന്നും തൊഴിലാളികൾക്ക് അനുകൂലമായ വിധി വന്നെങ്കിലും തങ്ങളുടെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി നാലു വർഷമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
അതോടൊപ്പം ക്യാമ്പിനുള്ളിൽ വെള്ളവും വെളിച്ചവുമില്ലാതെ പരിതാപകരമാണ് തൊഴിലാളികളുടെ സ്ഥിതി. ഇതിനിടെ വേണ്ടരീതിയിൽ ചികിത്സ കിട്ടാതെ രണ്ടു പേർ ഇതിനകം ക്യാമ്പിൽ മരിച്ചു. കൂടാതെ കൂട്ടത്തിലെ പലരും ഇന്ന് രോഗികളുമാണ്. റിയാദിലെ പ്രവാസി സംഘടനകൾ ഇടക്ക് നൽകുന്ന ഇത്തരത്തിലുള്ള സഹായങ്ങളാണ് അവർക്ക് ആശ്വാസമാകുന്നത്. റിയാദ് ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷണക്കിറ്റുകളുടെ വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, വൈസ് പ്രസിഡൻറുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ഭാരവാഹികളായ ജോൺസൺ മാർക്കോസ്, വിനീഷ് ഒതായി, മൊയ്തീൻ പാലക്കാട്, ഷറഫു ചിറ്റൻ, റിയാസ് വണ്ടൂർ, നാസർ വലപ്പാട്, രാജു പാലക്കാട്, ഷബീർ വരിക്കപള്ളി, ബിനോയ് കൊല്ലം, സൈനുദ്ദീൻ പാലക്കാട്, അനിൽ തലശ്ശേരി എന്നിവർ നേതൃത്വം നൽകി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.