നാട്ടിൽ പോകാൻ കഴിയാതിരുന്ന കൊല്ലം സ്വദേശിക്ക് സഹായവുമായി ഒ.ഐ.സി.സി
text_fieldsഅബ്ഹ: കൃത്യമായ ജോലിയും രേഖകളും ഇല്ലാതെ നാട്ടിൽ പോകാൻ കഴിയാതിരുന്ന കൊല്ലം സ്വദേശിക്ക് സഹായവുമായി ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റി. കൊല്ലം വയക്കൽ അസുരമംഗലം വിദ്യാഭവനിൽ വിശ്വനാഥൻ (58) 23 വർഷമായി സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിർമാണ മേഖലയിൽ ജോലി ചെയ്തുവരുകയായിരുന്നു.അഞ്ചുവർഷംമുമ്പ് നാട്ടിൽപോയി വന്ന വിശ്വനാഥൻ കഴിഞ്ഞ മൂന്ന് വർഷമായി ഒളിച്ചോട്ടക്കാരൻ (ഹുറൂബ്) ആയി രേഖപ്പെടുത്തിയിരുന്നു.
പ്രായക്കൂടുതലും ഹെർണിയ ബാധിച്ച് ജോലിക്ക് പോകാൻ കഴിയാതെയും കഷ്ടതയിൽ ആയിരുന്ന ഇദ്ദേഹത്തെക്കുറിച്ച വിവരം ഖമീസ് മുശൈത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന ശിഹാബ് അബഹയിലെ 'ഗൾഫ് മാധ്യമം' ലേഖകനെ വിളിച്ചറിയിക്കുകയായിരുന്നു.ഇദ്ദേഹം വിവരം ഒരു പൊതു വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ട ഒ.ഐ.സി.സി ദക്ഷിണ മേഖല സെക്രട്ടറി പ്രകാശൻ നാദാപുരം വിഷയം ഏറ്റടുക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ നാട്ടിലയക്കാനുള്ള ചെലവ് അടക്കം വഹിക്കാമെന്ന് ഒ.ഐ.സി.സി ദക്ഷിണ മേഖല പ്രസിഡൻറും കോൺസുലേറ്റ് സേവന വിഭാഗം വളൻറിയറുമായ അഷ്റഫ് കുറ്റിച്ചൽ അറിയിച്ചു.
ഉടൻ അദ്ദേഹത്തിന്റെ യാത്രാരേഖകൾ തയാറാക്കുകയും ടിക്കറ്റിനുവേണ്ടി സൗത്തേൺ മാർബിൾ ഉടമ ലിജോ ജേക്കബിന്റെ സഹായം തേടുകയും ചെയ്തു. വിവാഹിതരായ രണ്ട് പെൺമക്കൾക്കുവേണ്ടി സ്വന്തം കിടപ്പാടംപോലും നഷ്ടപ്പെട്ട വിശ്വനാഥന് നാട്ടിലെത്തിയാൽ വരുമാനം ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ അഷ്റഫ് കുറ്റിച്ചൽ, ജോസ് പൈലി, അൻസാരി കുറ്റിച്ചൽ, പ്രസാദ് നാവായിക്കുളം, ഷമീർ വെമ്പായം, പോൾ റാഫേൽ,
റസാഖ് കിണാശ്ശേരി എന്നിവരുടെ ശ്രമഫലമായി ഖമീസ് മുശൈത്തിലെ നല്ലവരായ പ്രവാസികളുടെ സഹായത്തോടെ ഒരു തുക കണ്ടെത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫ്ലൈ ദുബായ് വിമാനത്തിൽ നാട്ടിലേക്ക് പോയ വിശ്വനാഥനെ അഷ്റഫ് കുറ്റിച്ചൽ, ഗൾഫ് മാധ്യമം, മീഡിയവൺ അബഹ റിപ്പോർട്ടർ മുജീബ് ചടയമംഗലം, ഒ.ഐ.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി പ്രസിഡന്റ് റോയി മുത്തേടം എന്നിവർ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.