ഒ.ഐ.സി.സി മക്ക പ്രഥമ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsമക്ക: മക്ക പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങൾക്ക് ഒ.ഐ.സി.സി മക്ക കമ്മിറ്റി നൽകുന്ന പ്രഥമ എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുപ്രവർത്തന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അബ്ദുൽ മുഹയ്മീൻ എന്ന കുഞ്ഞുമോൻ കാക്കിയക്കും ആതുരസേവന മേഖലയിൽ ഡോ. അഹമ്മദ് ആലുങ്ങലിനും മാധ്യമ രംഗത്ത് പി.എം മായിൻകുട്ടിക്കും ബിസിനസ്സ് മേഖലയിൽ എ.സി മൻസൂറിനുമാണ് അവാർഡുകൾ.
മക്ക ഒ.ഐ.സി.സി നേതാക്കൾ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഈ മാസം 10 ന് ശനിയാഴ്ച വൈകീട്ട് മക്കാ ഹുസൈനിയയിലുള്ള ഖസർ അൽറയ്യാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഗാ ഫെസ്റ്റിൽ വെച്ച് അവാർഡുകൾ സമ്മാനിക്കുമെന്നും വരുംവർഷങ്ങളിലും ഇത്തരം അവാർഡുകൾ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിക്കുന്ന മെഗാ ഫെസ്റ്റിൽ പട്ടുറുമാൽ ഫെയിം ഷജീറും ഫ്ലവേഴ്സ് കോമഡി ഉത്സവ് ഫെയിം ആശ ഷിജുവും നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റും മക്കയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വർണ്ണ ശബളമായ കലാപരിപാടികളും അരങ്ങേറും. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒ.ഐ.സി.സിയുടെ അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പരിപാടികളും മെഗാ ഫെസ്റ്റിൽ ഉണ്ടാവും.
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മെഗാ ഫെസ്റ്റിൽ പങ്കെടുക്കുമെന്നും ഒ.ഐ.സി.സി മക്ക കമ്മറ്റിയെ സൗദിയിൽ പ്രത്യേകമായി ഒരു സെൻട്രൽ കമ്മറ്റിയായി നിലനിർത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, ജനറൽ സെക്രട്ടറി ഷാജി ചുനക്കര, വൈസ് പ്രസിഡന്റ് സാക്കിർ കൊടുവള്ളി, ട്രഷറർ റഷീദ് ബിൻസാഗർ, പ്രോഗ്രാം കോഡിനേറ്റർ ജിബിൻ സമദ് കൊച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.