ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ഭരണഘടനയുടെ 75 ാം വാർഷികദിനം ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. എന്തുകൊണ്ട് ഭരണഘടന സംരക്ഷിക്കപ്പെടണം എന്നത് ഇന്ത്യയിലെ ഓരോ പൗരനും ചിന്തിക്കേണ്ട, സ്വയം ഒരുപാട് തവണ ചോദിക്കേണ്ട ചോദ്യമാണ്. ജനാധിപത്യ രാജ്യത്തിൽ നിന്നും തീവ്രദേശീയത പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിലേക്കുള്ള ചുവടുവെപ്പുകളാണ് ഇന്ന് നാം കാണുന്നത്.
ഭരണകൂടത്തിന്റെ ഇച്ഛക്കനുസരിച്ച് അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി മാത്രം നടപ്പാക്കുന്ന ഭേദഗതികൾ ആണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. അതിന് ഏറ്റവും ഉത്തമമായ ഉദാഹരണമാണ് പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും.
ഇന്ത്യ എന്ന മതേതര-ജനാധിപത്യ രാജ്യത്തെ കേവലം ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ. സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം എന്നതിനപ്പുറം, എന്താണ് ഭരണഘടന, അതിൽ എന്തൊക്കെയാണ് ഉൾക്കൊണ്ടിട്ടുള്ളത്, ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടനയുടെ പ്രാധാന്യം എന്താണ് എന്നൊക്കെയുള്ളത് പുതുതലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.
ഭരണഘടനാ ധാർമികത എന്താണെന്നും, എന്താണ് ഭരണഘടനാ രാഷ്ട്രീയം എന്നും മനസ്സിലാക്കിയാൽ മാത്രമേ ഭാവിയിൽ ഇന്ത്യയിൽ വരാൻ പോകുന്ന എല്ലാത്തരം രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലും ഒരു പൗരൻ എന്ന നിലക്ക് ഒരു വ്യക്തിക്ക് കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളും എടുക്കാൻ കഴിയൂവെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും വെസ്റ്റേൺ റീജിയനൽ കമ്മിറ്റി പ്രവാസി സേവന കേന്ദ്ര കൺവീനറുമായ അലി തേക്കുതോട് പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. കമാൽ കളപ്പാടൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം സി.എം അഹമ്മദ്, നാഷനൽ കമ്മറ്റി അംഗം അഷറഫ് അഞ്ചാലൻ, റീജിയനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക്, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, അയ്യൂബ് ഖാൻ പന്തളം, റഫീഖ് മൂസ്സ, സൈഫു വാഴയിൽ, ഷാജു റിയാസ്, എം.ടി ഗഫൂർ, സമീർ പാണ്ടിക്കാട്, സി.പി മുജീബ് നാണി, ഉസ്മാൻ മേലാറ്റൂർ, അമീർ പരപ്പനങ്ങാടി, മിദ്റാർ കണ്ണൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.