ഗര്‍ഭിണികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ഒ.ഐ.സി.സി ആയിരം ഇ-മെയിലുകൾ അയച്ചു
text_fieldsജിദ്ദ: സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന 57 നഴ്സുമാര്‍ അടക്കമുള്ള ഗര്‍ഭിണികളെ സൗജന്യമായി മെഡിക്കല്‍ സംഘത്തോടൊപ്പം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ഐ.സി.സി ജിദ്ദ ഷറഫിയ ഏരിയ കമ്മിറ്റി വിദേശകാര്യ മന്ത്രിക്കും മന്ത്രാലയത്തിനും 1000 ഇ-മെയില്‍ മാസ് പെറ്റീഷന് സമര്‍പ്പിച്ചു. ആദ്യ ഇ-മെയില്‍ അയച്ച് രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു.നഴ്സുമാരടക്കമുള്ള ഗര്‍ഭിണികളെ അതീവ പരിഗണന നല്കി നാട്ടിലെത്തിക്കേണ്ടതിന് പകരം സര്‍ക്കാറുകള്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും എം.പി പറഞ്ഞു.
ഗര്‍ഭിണികളായ നഴ്സുമാരില്‍ പലരും കോവിഡ് സെൻററുകളിലാണ് ജോലി ചെയ്യുന്നത്. ചിലര്‍ കഴിഞ്ഞ ദിവസം പ്രസവിക്കുകയും ചെയ്തിരുന്നു. പ്രസവശേഷവും വേണ്ടത്ര പരിചരണംപോലും ലഭിക്കാതെ അത്തരക്കാര്‍ ആശുപത്രി വക താമസസ്ഥലത്താണ് പിഞ്ചുകുഞ്ഞുമായി കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
പ്രസവാവധിയുമായി ബന്ധപ്പെട്ട് നിരവധി നിയമപ്രശ്നവും ഇവർ അഭിമുഖീകരിക്കുന്നു. ഇതോടൊപ്പം ഇൻഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാല്‍ വേണ്ടത്ര ചികിത്സയും മരുന്നും ലഭിക്കാത്ത സന്ദർശക വിസയില്‍ വന്ന ഗര്‍ഭിണികളും നിരവധി മാനസിക പ്രയാസങ്ങള്‍ക്ക് നടുവിലാണ് കഴിയുന്നത്. ഈ ഗര്‍ഭിണികളുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മറ്റാരേക്കാളും അതീവ മുന്‍ഗണന നല്കി ഗര്‍ഭിണികളെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.