റിയാദിൽ സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങി ഒ.ഐ.സി.സി
text_fieldsറിയാദ്: കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനയായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) റിയാദ് ഘടകം തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി സെൻട്രൽ കമ്മിറ്റി അറിയിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആറുമാസത്തിലേറെ നീണ്ട മെംബർഷിപ് കാമ്പയിൻ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിലേക്കു കടക്കുന്നത്.
3500ഓളം ഇന്ത്യൻ പ്രവാസികൾ സംഘടനയിൽ അംഗത്വമെടുത്തതായി പ്രിസൈഡിങ് കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയുടെ സർക്കുലർ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് കീഴ്ഘടകങ്ങൾ മുതലുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ജില്ല കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെയോ സമവായത്തിലൂടെയോ നിലവിൽ വരും. നവംബർ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. നിലവിലെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുക.
ഗ്ലോബൽ, നാഷനൽ, സെൻട്രൽ കമ്മിറ്റികളിൽ ഏതിലെങ്കിലുംനിന്നുള്ള രണ്ടുപേരടങ്ങുന്ന ഭരണാധികാരികളാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. ഗ്ലോബൽ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് വോട്ടിങ്ങിലൂടെയോ സമവായത്തിലൂടെയോ ഇന്ന് കണ്ണൂർ ജില്ല കമ്മിറ്റിയും ഈ മാസം 27ന് തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ല കമ്മിറ്റികളും നിലവിൽ വരും. ഇതനുസരിച്ച് 14 ജില്ലകളിലും പുതിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നവംബർ അവസാന വാരം സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടപടികളിലേക്കു കടക്കും.
സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ഉൾപ്പെടെ നേതാക്കളും കെ.പി.സി.സി നേതാക്കളും റിയാദിലെത്തും. ഏറ്റവും ഒടുവിൽ 2014ലാണ് കുഞ്ഞി കുമ്പള പ്രസിഡന്റായും അബ്ദുല്ല വല്ലാഞ്ചിറ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ റിയാദ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി മാന്നാർ അബ്ദുല്ലത്തീഫ്, അന്നത്തെ സംഘടന ചുമതലയുള്ള ഗ്ലോബൽ സെക്രട്ടറി ശരീഫ് കുഞ്ഞ്, ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂർ എന്നിവരാണ് തെരഞ്ഞെടുപ്പിന് അന്ന് നേതൃത്വം നൽകിയത്.
ബത്ഹ റമാദ് ഹോട്ടലിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ റിയാദിന്റെ ചെറുനഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും അംഗത്വമുള്ള സംഘടന പ്രവർത്തകർ എത്തിയിരുന്നു. കേരളത്തിലെ വോട്ട് രേഖപ്പെടുത്തൽ കേന്ദ്രംപോലെ ബത്ഹയിലെ മലയാളി മൂലയായ റമാദ് ഹോട്ടൽ പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ സമവായത്തിലൂടെ പുതിയ കമ്മിറ്റി വരുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സമവായസാധ്യത മങ്ങിയാൽ തെരഞ്ഞെടുപ്പിന് ഡിസംബറിൽ കളമൊരുങ്ങും. ഒരു പതിറ്റാണ്ടിലധികം കാലം സംഘടനയെ സജീവമാക്കി നിർത്താൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ജനാധിപത്യരീതിയിൽ കമ്മിറ്റികൾ നിലവിൽ വന്നതാണ് സംഘടനക്ക് ബലം നൽകിയതെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയും ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.