ഒ.ഐ.സി.സി ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടി
text_fieldsജിദ്ദ: വർഗീയ ഫാഷിസ്റ്റ് ശക്തികളിൽനിന്ന് ഇന്ത്യ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള പരിശ്രമങ്ങൾക്ക് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമകൾ ശക്തി പകരുന്നതാണെന്നും ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യന് ജനതയുടെ മുന്നേറ്റത്തിന്റെ ഗംഭീര സ്വരമായിരുന്നു 1942ൽ കോൺഗ്രസ് ഉയർത്തിയ ‘ക്വിറ്റ് ഇന്ത്യ’ അഥവാ ‘ഭാരത് ഛോഡോ’ മുദ്രാവാക്യം എന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
‘ഇന്ത്യ’ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള വർത്തമാന ഇന്ത്യയിൽ കോൺഗ്രസ് ഉയർത്തിയ ശബ്ദമായ ‘ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം, രാജ്യത്തെ മുഴുവൻ പ്രതിപക്ഷകക്ഷികളെയും ഒരു കുടക്കീഴിൽ അണിനിരത്തി വെറുപ്പുകൾക്കുമേൽ സ്നേഹത്തിന്റെ ആലിംഗനം നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
1942ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്നാണെങ്കിൽ വർത്തമാനകാലത്ത് വർഗീയ ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യ വിടണമെന്ന പ്രമേയവും സമരമുറകളുമാണ് വേണ്ടതെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
യുവാക്കളാണ് ലോക മാറ്റങ്ങൾ കൊണ്ടുവന്നത്. യൂത്ത് കോൺഗ്രസ് സ്ഥാപകദിനംകൂടിയായ ആഗസ്റ്റ് ഒമ്പതിന് രാജ്യം ആവശ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇന്ത്യയെ വീണ്ടെടുക്കുന്ന സമരത്തിലും പരിശ്രമങ്ങൾക്കും പിന്തുണയേകി രാജ്യത്തെ മുഴുവൻ യുവജനങ്ങളും മുന്നോട്ടുവരണം എന്നുള്ളതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന മന്ത്രം ദേശീയതലത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹൃദയത്തിലേറ്റി ഭാരതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ജനാധിപത്യ, മതേതരത്വ വിശ്വാസികൾ അണിചേരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ഹെൽപ് ഡെസ്കിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി നടന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞക്ക് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ നേതൃത്വം നൽകി. സാകിർ ഹുസൈൻ എടവണ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാസിമുദ്ദീൻ മണനാക്ക്, പ്രിൻസാദ് കോഴിക്കോട്, നാസർ സൈൻ, മുജീബ് മൂത്തേടം, അഷ്റഫ് വടക്കേകാട്, അഷ്റഫ് കൂരിയാട്, അനിൽകുമാർ കണ്ണൂർ, സിദ്ദീഖ് പുല്ലങ്കോട്, ഉണ്ണി മേനോൻ, അബ്ദുൽ ഗഫൂർ വണ്ടൂർ, സുബുഹാൻ വണ്ടൂർ, സുധീഷ് കണ്ണൂർ എന്നിവർ സംസാരിച്ചു. ഹെൽപ് ഡെസ്ക് കൺവീനർ അലി തെക്ക്തോട് സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.