ശങ്കർ എളങ്കൂർ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി താൽക്കാലിക പ്രസിഡൻറ്
text_fieldsയാംബു: സൗദി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി താൽക്കാലിക പ്രസിഡൻറായി യാംബുവിലുള്ള ശങ്കർ എളങ്കൂറിനെ നിശ്ചയിച്ചു. പ്രസിഡന്‍റായിരുന്ന പി.എം നജീബിന്‍റെ വിയോഗത്തോടെ പ്രസ്തുത സ്ഥാനം താൽക്കാലികമായി വഹിച്ചിരുന്ന അഷറഫ് വടക്കേവിള പ്രവാസം മതിയാക്കി മടങ്ങുന്നതു കാരണമാണ് നിലവിലെ വൈസ് പ്രസിഡന്‍റായിരുന്ന ശങ്കർ എളങ്കൂറിന് ചുമതല നൽകിയത്.
ഓൺലൈനിൽ നടന്ന കെ. കരുണാകരൻ നൂറ്റി മൂന്നാം വാർഷിക ദിനാചരണ പരിപാടിയിൽ അദ്ദേഹം ഔദ്യോഗികമായി ഭാരവാഹിത്വം സ്വീകരിച്ചു. വരും ദിവസങ്ങളിൽ കെ.പി.സി.സി യുടെ അനുമതിയോടുകൂടി സൗദിയിൽ റീജിയനൽ, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി അംഗത്വ വിതരണവും അംഗങ്ങളായ പ്രവാസികൾക്ക് സുരക്ഷാ പദ്ധതിയും നടപ്പാക്കുമെന്ന് ശങ്കർ എളങ്കൂർ പറഞ്ഞു. റീജിയനൽ കമ്മിറ്റിയുടെ പ്രവർത്തന മേഖല 150 കിലോ മീറ്ററായി ചുരുക്കുകയും കൂടുതൽ ഏരിയ കമ്മിറ്റികൾ ഉണ്ടാക്കുകയും ചെയ്യും. ഇതോടെ കമ്മിറ്റികളുടെ പ്രവർത്തനം വളരെ വേഗത്തിൽ നിയന്ത്രിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ നൽകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളായ ഓരോരുത്തർക്കും നോർക്ക രജിസ്ട്രേഷൻ ഉറപ്പ് വരുത്തുകയും അവരെ നോർക്ക ഇൻഷുറൻസ് പോളിസി എടുപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഏരിയ കമ്മിറ്റിയിലും ഹെൽപ്പ് ഡെസ്ക് ഉറപ്പ് വരുത്തുകയും ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗദിയിലെ നിയമങ്ങളെ കുറിച്ച് പഠന ക്ലാസുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും ഒ.ഐ.സി.സിയുടെ ഹജ്ജ് വളണ്ടിയർമാരുടെ എണ്ണം കൂട്ടുകയും അവർക്ക് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പ്രവർത്തന സുരക്ഷ ഉറപ്പ് വരുത്തുവാൻ ശ്രമിക്കുകയും ചെയ്യുമെന്നും ശങ്കർ എളങ്കൂർ അറിയിച്ചു.
കോവിഡ് മഹാമാരിയെത്തുടർന്ന് നാട്ടിലേക്ക് പോയി തിരിച്ചുവരാൻ കഴിയാതിരുന്നവർക്ക് പകരമായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി എക്സിക്യൂട്ടീവിലേക്ക് ജിദ്ദ, റിയാദ്, തബൂക്ക്, ദമ്മാം എന്നീ പ്രവിശ്യകളിൽ നിന്ന് അംഗങ്ങളെ എടുത്തിട്ടുണ്ട്.
യോഗത്തിൽ അഷറഫ് വടക്കേവിള അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോണ വിഷയം അവതരിപ്പിച്ചു. മാത്യു ജോസഫ്, സത്താർ കായംകുളം, അഡ്വ. എൽ.കെ അജിത്, നാസ്സർ കാരന്തൂർ, അഡ്വ. ജയരാജ് തെക്കേപ്പള്ളി, ഫൈസൽ ഷരീഫ്, സിദ്ദിഖ് കല്ലുപറമ്പിൻ, ജോൺസൻ മാർക്കോസ്, ജെ.സി മേനോൻ, റഷീദ് ദമ്മാം, മനോജ് മാത്യു ജിദ്ദ, നാസിമുദ്ധീൻ ജിദ്ദ, നാസർ റാവുത്തർ, എസ്.പി ഷാനവാസ് എന്നിവർ സംസാരിച്ചു. കുഞ്ഞിമുഹമ്മദ് കൊടശ്ശേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.