ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി ഫുട്ബാൾ ടൂർണമെന്റ്; ഡെക്സോപാക്ക് യെല്ലോ ആർമി ചാമ്പ്യന്മാർ
text_fieldsജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച റഫാ വാട്ടർ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റീം അൽഉല എഫ്.സി യാംബു ടീമിനെ പരാജയപ്പെടുത്തി ഡെക്സോപാക്ക് യെല്ലോ ആർമി കിരീടമണിഞ്ഞു. തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ ആവേശഭരിതമാക്കിയ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ വഴങ്ങിയതിനെത്തുടർന്ന് കളി ടൈബ്രേക്കറിലേക്ക് കടന്നെങ്കിലും അതിലും തുല്യത പാലിച്ചതിനാൽ ടോസിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഡെക്സോ പാക്ക് യെല്ലോ ആർമിയുടെ ഫാസിലിനെ തെരഞ്ഞെടുത്തു. വിജയികളായ ഡെക്സോപാക്ക് യെല്ലോ ആർമിക്ക് റഫാ വാട്ടർ ട്രോഫിയും 6,000 റിയാൽ പ്രൈസ് മണിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ റീം അൽഉല എഫ്.സി യാംബുവിന് ദാദാബായ് ട്രാവൽ ട്രോഫിയും 3,000 റിയാൽ പ്രൈസ് മണിയും സമ്മാനിച്ചു.
വെറ്ററൻസ് വിഭാഗത്തിൽ ടൈബ്രേക്കറിലൂടെ ഹിലാൽ എഫ്.സി, എൻ.എഫ്.സി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. വെറ്ററൻസ് ഫൈനലിൽ ഹിലാൽ എഫ്.സിയുടെ സിയാവുദ്ദീനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അമിഗോ എഫ്.സിയെ പരാജയപ്പെടുത്തി ജെ.എസ്.സി ടീം വിജയികളായി. ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ അബ്ദുൽ വാരിദിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും മുഹമ്മദ് അതീഹാ എം. അൽ ഹർബിയും ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കലും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും ദാദാഭായ് ട്രാവൽ റീജ്യനൽ മാനേജർ അബൂബക്കർ മുഹമ്മദ് സമ്മാനിച്ചു. വെറ്ററൻസ് വിഭാഗം ജേതാക്കൾക്കുള്ള ട്രോഫി സിഫ് വൈസ് പ്രസിഡന്റ് സലിം മമ്പാടും രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി പവർ ഹൗസ് കമ്പനി മാനേജിങ് ഡയറക്ടർ ഷാഫിയും സമ്മാനിച്ചു. ജൂനിയർ വിഭാഗം ജേതാക്കൾക്കുള്ള ട്രോഫി ഗ്ലൗബ് ലോജിസിറ്റിക്സ് മാനേജിങ് ഡയറക്ടർ നസീഫും റണ്ണേഴ്സിനുള്ള ട്രോഫി അൽ അബീർ മാനേജ്മെൻറ് പ്രധിനിധി സലാമും സമ്മാനിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരായി അബ്ദുൽ വാരിദ് (ജൂനിയർ), മുഹമ്മദ് അഷ്റഫ് (വെറ്ററൻസ്), രാഹുൽ (സീനിയർ) എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഇസ്മായിൽ കൂരിപ്പൊയിൽ, തരുൺ രത്നാകരൻ, അഷ്റഫ് അഞ്ചാലൻ എന്നിവർ വിതരണം ചെയ്തു. മികച്ച ഗോൾ കീപ്പർമാരായി തെരഞ്ഞെടുത്ത ഫുസൈൽ (ജൂനിയർ), സമീർ (വെറ്ററൻസ്), അമീർ (സീനിയർ) എന്നിവർക്കുള്ള ട്രോഫി സക്കീർ ചെമ്മണൂർ, നിസാർ അഹമ്മദ്, അഹമ്മദ് ഷാനി എന്നിവർ സമ്മാനിച്ചു. മികച്ച ഡിഫൻഡർമാരായി ബാസിം (ജൂനിയർ), ജംഷാദ് (വെറ്ററൻസ്), ഗോകുൽ (സീനിയർ) എന്നിവരെ തെരഞ്ഞെടുത്തു. ഇവർക്കുള്ള ട്രോഫികൾ യഥാക്രമം ഷിബു കാളികാവ്, ഡോ. ഫയാസ്, ജലീൽ കണ്ണമംഗലം എന്നിവർ വിതരണം ചെയ്തു.
സമ്മാനദാന ചടങ്ങ് മുഹമ്മദ് അതീഹ അൽ ഹർബി (എച്ച്. ആർ ഡയറക്ടർ, റഫാ ഗ്രൂപ്) ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി വെസ്റ്റേൻ റീജ്യൻ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബൂബക്കർ, ഒളിംമ്പ്യ ഫുട്ബാൾ ഡയറക്ടർ അലി അഹമ്മദ്, ജാഫർ എന്നിവർ ആശംസകൾ നേർന്നു. മിർസ ഷരീഫ്, സോഫിയ സുനിൽ, സൽമാൻ, കാക്കു കോഴിക്കോട് എന്നിവർ ഗാനങ്ങളാലപിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ജനറൽ കൺവീനർ ആസാദ് പോരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.