ജയന് നാടണയാൻ ഒ.ഐ.സി.സിയുടെ കൈത്താങ്ങ്
text_fieldsയാംബു: തൊഴിലുടമ ഹുറൂബിലാക്കിയതും സാമ്പത്തിക ബാധ്യത തീർക്കാൻ കഴിയാത്തതുംമൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന യുവാവിന് സുമനസ്സുകളുടെ ഇടപെടലോടെ നാടണയാൻ വഴിയൊരുങ്ങി.പാലക്കാട് ചിറ്റൂർ സ്വദേശി ജയനാണ് ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ സഹായത്തോടെ കോൺസുലേറ്റ് നൽകിയ സൗജന്യ ടിക്കറ്റിൽ വന്ദേ ഭാരത് മിഷെൻറ ജിദ്ദ-കോഴിക്കോട് വിമാനത്തിൽ നാട്ടിലേക്കു മടങ്ങുന്നത്. 13 വർഷം മുമ്പ് പ്രവാസം ആരംഭിച്ച ജയൻ ചെറിയ ജോലികൾ ചെയ്യുന്നതിനിടയിലാണ് ഹുറൂബിെൻറ കെണിയിൽ വീഴുന്നത്.
വലിയ കടബാധ്യത ഉണ്ടായതിനാൽ അത് പൂർത്തിയാക്കാനാവാതെ നാട്ടിലേക്ക് മടങ്ങാനും കഴിയാതെയായി. തെൻറ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വാഹനത്തിെൻറ മാസാന്ത തിരിച്ചടവ് ജോലി നഷ്ടപ്പെട്ടത് കാരണം അടക്കാനും കഴിഞ്ഞില്ല. ഇതുകാരണം കമ്പനി അധികൃതർ വാഹനം കണ്ടുകെട്ടുകയും ബാക്കിവരുന്ന തുക തിരിച്ചുപിടിക്കാൻ ഇയാളുടെമേൽ 'മത്ലൂബ്' കേസ് ഫയൽ ചെയ്തതും കാര്യങ്ങൾ ഏറെ സങ്കീർണമാക്കി. ഇതേത്തുടർന്ന് യാംബുവിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ അംഗവും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ ശങ്കർ എളങ്കൂർ ഇന്ത്യൻ കോൺസുലേറ്റിൽ ബന്ധപ്പെടുകയും ശേഷം മറ്റൊരു കേസ് ഫയൽ ചെയ്യുകയും ചെയ്തു.
വാഹന കമ്പനിയിൽ അടക്കാനുള്ള 15,000 റിയാലിനടുത്തുള്ള തുക കെട്ടിവെച്ച് മത്ലൂബ് നീക്കിയാലേ പ്രശ്നം പരിഹരിക്കാനാവൂ എന്ന അവസ്ഥ വന്നു.അവസാനം യാംബുവിലെ സുമനസ്സുകളായ ആളുകളിൽനിന്ന് യാംബു ഒ.ഐ.സി.സി സ്വരൂപിച്ച സംഖ്യ കോടതിയിൽ കെട്ടിവെച്ചാണ് മത്ലൂബ് നീക്കാനായത്. പ്രശ്നപരിഹാരത്തിനായി ഒ.ഐ.സി.സി യാംബു പ്രസിഡൻറ് അസ്കർ വണ്ടൂർ, ജനറൽ സെക്രട്ടറി സിദ്ദീഖുൽ അക്ബർ, ബിനു ജോസഫ് തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.